
കൊച്ചി: താര പരിവേഷത്തോടെ രണ്ട് തവണ നിയമസഭയിലേക്ക് ജയിച്ച് കയറിയ എം മുകേഷിനെ ഇത്തവണ കൊല്ലത്ത് മത്സരിപ്പിച്ചേക്കില്ല. മുകേഷിന് പകരമാരെന്ന ചര്‍ച്ച സിപിഎമ്മില്‍ സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറികടക്കണമെങ്കില്‍ പൊതു സ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷത്തിന് പരീക്ഷിച്ചേ മതിയാകൂ. കൊല്ലത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
2016 ൽ 17611വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മുകേഷ് നിയമസഭയുടെ പടികയറിയത്. 2021ല്‍ മുകേഷിനെ സിപിഎം വീണ്ടും കളത്തിലിറക്കി. അന്നും ജയിച്ചെങ്കിലും ഭൂരിപക്ഷം 2072 ആയി കുറഞ്ഞു. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം പിടിക്കാന്‍ മുകേഷിനെ മത്സരിപ്പിച്ച പാര്‍ട്ടിക്ക് തെറ്റി. ഒന്നര ലക്ഷത്തിന് പുറത്ത് വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചു. വീണ്ടും ഒരു പരീക്ഷണത്തിന് പാര്‍ട്ടി മുതിരുന്നില്ല എന്നാണ് സൂചന. മുകേഷിനെതിരായ ലൈംഗികാതിക്രമ കേസും അറസ്റ്റും സിപിഎമ്മിന് ഉണ്ടാക്കിയ കളങ്കം വലുതാണ്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ പൊതുസ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥി ഇടതുമുന്നണിക്ക് അനിവാര്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നഷ്ടമായെങ്കിലും മണ്ഡലത്തിലെ ആകെ വോട്ട് നില അനുകൂലമെന്നാണ് സിപിഎമ്മിൻ്റെ ആത്മവിശ്വാസം.
സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹന്‍റെ പേര് കൊല്ലത്ത് പരിഗണിക്കുന്നുണ്ട്. തൊഴിലാളി നേതാവെന്ന നിലയിൽ ജനങ്ങൾക്കിടയിലുള്ള ബന്ധം ജയമോഹന് മുൻതൂക്കം നൽകുന്നു. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഗോപനും പരിഗണനയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam