മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ തടയാൻ അണിയറ നീക്കങ്ങൾ, യുഡിഎഫിന് പിഡിപിയുടെ പിന്തുണ, നിർണായകമാകുക എസ്ഡിപിഐ നിലപാട്

Published : Mar 26, 2026, 10:38 AM IST
Surendran - AKM Ashraf

Synopsis

മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രന്റെ വിജയസാധ്യത തടയാൻ പിഡിപി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. എസ്ഡിപിഐയുടെ നിലപാട് ഫലത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി മാറിയിരിക്കുകയാണ്.

മഞ്ചേശ്വരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ കണ്ണുകളും മഞ്ചേശ്വരത്തേയ്ക്ക്. ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം. എന്നാൽ, ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയിൽ മണ്ഡലം നഷ്ടപ്പെട്ട ചരിത്രമുണ്ട്. ഇത്തവണ എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടാലും മഞ്ചേശ്വരത്ത് വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രൻ.

ഇത്തവണ സിറ്റിംഗ് എംഎൽഎയായ എ കെ എം അഷ്റഫിനെ തന്നെയാണ് യുഡിഎഫ് കളത്തിലിറക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെറും 745 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനായിരുന്നു അഷ്റഫിന്റെ വിജയം. ഇത്തവണ മികച്ച ഭൂരിപക്ഷത്തിൽ വിജയം നേടാനാകും എന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ഇതിനിടെ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് പിഡിപി അറിയിച്ചു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയാണ് തീരുമാനം അറിയിച്ചത്. ബിജെപിയ്ക്കുള്ള വിജയസാധ്യത ഒഴിവാക്കാനാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് പിഡിപി ജില്ലാ പ്രസിഡന്റ് എസ് എം ബഷീര്‍ റിസ്വി വ്യക്തമാക്കി.

മഞ്ചേശ്വരത്ത് സ്വാധീനമുള്ള പാര്‍ട്ടിയാണ് പിഡിപി. മഞ്ചേശ്വരം പഞ്ചായത്തിൽ ഒരു വാര്‍ഡ് ഇവര്‍ വിജയിച്ചിട്ടുണ്ട്. സാധാരണയായി എൽഡിഎഫിനെയാണ് പിഡിപി പിന്തുണയ്ക്കാറുള്ളത്. എന്നാൽ, മഞ്ചേശ്വരത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ഇത്തവണ യുഡിഎഫിനെ പിന്തുണയ്ക്കാൻ പിഡിപി തീരുമാനിച്ചിരിക്കുന്നത്. കെ സുരേന്ദ്രന്റെ വിജയ സാധ്യത, മതേതര വോട്ടുകൾ ഭിന്നിക്കാനുള്ള സാധ്യത, എൽഡിഎഫിന്റെ വിജയ സാധ്യത തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ചാണ് തീരുമാനം.

അതേസമയം, മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ എം അഷ്റഫ് പ്രചാരണവുമായി മണ്ഡലത്തിൽ സജീവമാണ്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 7,500ലധികം വോട്ടുകൾ എസ്ഡിപിഐയ്ക്കുണ്ട്. എന്നാൽ, സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ എസ്ഡിപിഐയ്ക്ക് മേൽ സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി പട്ടിക പിൻവലിക്കാൻ ഇന്ന് വൈകുന്നേരം 5 മണി വരെയാണ് സമയം. അങ്ങനെ സംഭവിച്ചാൽ യുഡിഎഫിനെ സഹായിക്കുന്നതിനായി എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിൻവലിച്ചെന്ന വലിയ രീതിയിലുള്ള പ്രചാരണം എൻഡിഎ നടത്താൻ സാധ്യതയുണ്ട്. ആര്‍ക്കും മുൻതൂക്കം പ്രവചിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിൽ മഞ്ചേശ്വരത്തുള്ളത്.

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലങ്ങൾ

2006ൽ സിച്ച് കുഞ്ഞമ്പു ഇടത്പക്ഷത്തിനായി വിജയിച്ച ചരിത്രം മഞ്ചേശ്വരം മണ്ഡലത്തിനുണ്ട്. അന്ന് അഡ്വ. നാരായണ ഭട്ടായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. വെറും 4,829 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കുഞ്ഞമ്പു ജയിച്ചത്. 2011, 2016 തെരഞ്ഞെടുപ്പുകളിൽ കെ സുരേന്ദ്രനാണ് എൻഡിഎയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. മറുഭാഗത്ത് മുസ്ലീം ലീഗിന്റെ പി ബി അബ്ദുൾ റസാഖായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. 2011ൽ 5,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അബ്ദുൾ റസാഖ് വിജയിച്ചെങ്കിൽ 2016ൽ അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വെറും 89 വോട്ടുകളുടെ മാത്രം വ്യത്യാസത്തിലാണ് സുരേന്ദ്രന് മണ്ഡലം നഷ്ടമായത്. അന്ന് കെ സുന്ദര എന്ന അപരൻ പിടിച്ച വോട്ടുകൾ നിര്‍ണായകമായി.

2019ലെ ഉപതെരഞ്ഞെടുപ്പിൽ ലീഗിന്റെ എം സി ഖമറുദ്ദീൻ ബിജെപിയുടെ രവീശ തന്ത്രി കുണ്ടാറിനെ 8,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. എന്നാൽ, 2021ൽ വീണ്ടും സുരേന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തിൽ തിരിച്ചെത്തി. ലീഗ് സ്ഥാനാര്‍ത്ഥിയായ എ കെ എം അഷ്റഫിനോട് വാശിയേറിയ പോരാട്ടമാണ് സുരേന്ദ്രൻ പുറത്തെടുത്തത്. വീണ്ടും നിസാര വോട്ടുകൾക്ക് (745) സുരേന്ദ്രന് മണ്ഡലം നഷ്ടമാകുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ 'ചിഹ്ന' പ്രതിസന്ധി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ ഗ്ലാസ് ചിഹ്നം ഇല്ല
കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് നിർബന്ധിച്ച് ഡിസ്‌ചാർജ് ചെയ്തെന്ന് ആരോപണം; യുവാവ് റോഡിൽ കുഴഞ്ഞുവീണു