
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ അഞ്ച് ജില്ലകളിൽ എൽഡിഎഫിന് കനത്ത പരാജയം. ഒറ്റ സീറ്റിൽ പോലും ജയിക്കാനായില്ല. മൂന്ന് ജില്ലകളിൽ ഒരു സീറ്റ് മാത്രമേ എൽഡിഎഫിന് ജയിക്കാനായുള്ളൂ. 13 സീറ്റുള്ള കോഴിക്കോട് സിപിഎം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഏറ്റത്. ആകെയുള്ള 13 ൽ 12 സീറ്റിലും ദയനീയമായി യുഡിഎഫിന് പിന്നിലായി.
മൂന്ന് സീറ്റുള്ള വയനാട്, 16 സീറ്റുള്ള മലപ്പുറം, 14 സീറ്റുള്ള എറണാകുളം, അഞ്ച് സീറ്റുള്ള ഇടുക്കി, ഒൻപത് സീറ്റുള്ള കോട്ടയത്തുമാണ് എൽഡിഎഫിന് കനത്ത പരാജയമുണ്ടായത്. ഈ അഞ്ച് ജില്ലകളിലായി 47 സീറ്റിലാണ് എൽഡിഎഫ് പരാജയപ്പെട്ടത്. ഇതിന് പുറമെ അഞ്ച് വീതം സീറ്റുള്ള കാസർകോട്, പത്തനംതിട്ട ജില്ലകളിലും 13 സീറ്റുള്ള കോഴിക്കോടുമായി, ഓരോ ജില്ലയിലും ഓരോ സീറ്റുകൾ മാത്രമാണ് ജയിച്ചത്. അതായത് സംസ്ഥാനത്ത് എട്ട് ജില്ലകളിലായി എഴുപത് സീറ്റുകളിൽ എൽഡിഎഫിന് ജയിക്കാനായത് വെറും മൂന്ന് സീറ്റുകളിൽ മാത്രം.
കൊല്ലത്തെ 11 സീറ്റുകളിൽ എട്ടിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും ജയിച്ചപ്പോൾ എൽഡിഎഫിന് രണ്ടിടത്ത് മാത്രമാണ് ജയിക്കാനായത്. തിരുവനന്തപുരത്തെ 14 സീറ്റുകളിൽ ഏഴിടത്ത് യുഡിഎഫ് വിജയിച്ചു, രണ്ടിടത്ത് ബിജെപിയും. അഞ്ച് സീറ്റിൽ മാത്രമേ എൽഡിഎഫിന് ജയിക്കാനായുള്ളൂ. ആലപ്പുഴയിൽ ഒൻപതിൽ ആറും യുഡിഎഫ് നേടി. മൂന്നിടത്ത് എൽഡിഎഫ് മുന്നിലെത്തി. പതിനാല് ജില്ലകളിൽ വെച്ച് എൽഡിഎഫിന് മേൽക്കൈയുള്ള ഏക ജില്ല തൃശ്ശൂർ മാത്രം. 13 ൽ ഒൻപത് സീറ്റിലും ജില്ലയിൽ എൽഡിഎഫ് ജയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam