
ഇക്കുറി ഗ്ലാമര്‍ പോരാട്ടം നടക്കുന്ന ഒരു നിയമസഭാ മണ്ഡലമാണ് തൃശ്സൂര്‍. തൃശ്സൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തൃശ്ശൂർ നിയമസഭാമണ്ഡലം. എല്‍ഡിഎഫും യുഡിഎഫും പലവട്ടം പ്രാതിനിധ്യം ഉറപ്പിച്ചിട്ടുള്ള മണ്ഡലമായ തൃശൂരില്‍ ഇപ്പോള്‍ എൻഡിഎയ്‍ക്കും ശക്തമായ വേരോട്ടമുണ്ട്. തൃശൂരിലാണ് എൻഡിഎ ആദ്യമായി ലോക്സഭയിലേക്കുള്ള ടിക്കറ്റ് എടുത്തത്. സെലിബ്രിറ്റി സ്റ്റാറ്റസുള്ള സുരേഷ് ഗോപിയാണ് തൃശൂരിന്റെ ലോക്സഭാ പ്രതിനിധി. എല്‍ഡിഎഫും യുഡിഎഫും എൻഡിഎയും തൃശ്ശൂര്‍ പിടിച്ചടക്കണമെന്ന ഒറ്റച്ചിന്തയോടെ മത്സരിക്കുമ്പോള്‍ ഫലം പ്രവചനാതീതമാണ്.
കോണ്‍ഗ്രസിനും വളക്കൂറുള്ള മണ്ണായ തൃശൂര്‍ നിയമസഭാ മണ്ഡലത്തെ കഴിഞ്ഞ രണ്ട് തവണയും പ്രതിനിധീകരിച്ചത് ഇടപക്ഷത്തിന്റെ സിപിഐ ആണ്. രണ്ട് വട്ടവും പരാജയപ്പെട്ടത് കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാലാണ്. 2016ല്‍ വി എസ് സുനില്‍ കുമാര്‍ നിയമസഭയിലെത്തിയപ്പോള്‍ 2021ല്‍ പി ബാലചന്ദ്രനാണ് തൃശൂരിനെ പ്രതിനിധാനം ചെയ്‍തത്. കേവലം 946 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പി ബാലചന്ദ്രന്റെ വിജയം. പി. ബാലചന്ദ്രൻ 44,263 വോട്ടുകൾ നേടിയപ്പോള്‍ 44,263 വോട്ടുകൾ നേടിയപ്പോള്‍ പത്മജ വേണുഗോപാലിന് 43,317 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി 40,457 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.
1991 മുതല്‍ 2011 വരെ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്റെ തേറമ്പില്‍ രാമകൃഷ്‍ണനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.
ഇത്തവണ ഗ്ലാമര്‍ പോരാട്ടമാണ് തൃശൂരില്‍ നടക്കാനിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങിയ പത്മജ വേണുഗോപാല്‍ ഇത്തവണ ബിജെപിയുടെ ടിക്കറ്റിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലഘട്ടത്തിലാണ് പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം എടുത്തത്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഎഡിഎഫും തമ്മിലായിരുന്നു മുൻകാലങ്ങളിൽ പ്രധാന പോരാട്ടമെങ്കിൽ സമീപകാലത്ത് ഇവിടെ ബിജെപി വലിയ സ്വധീനം ഉറപ്പിച്ചിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്ന രാജൻ പല്ലൻ തൃശ്ശൂർ കോർപ്പറേഷൻ മുൻ മേയർ എന്ന നിലയിൽ മണ്ഡലത്തിന് ഏറെ പരിചിതനാണ്. മണ്ഡലത്തിലെ വോട്ടർമാരുമായുള്ള അടുത്ത ബന്ധവും കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനപരിചയവും അദ്ദേഹത്തിന് കരുത്താകാനുള്ള സാധ്യതയുണ്ട്. സിപിഐക്ക് വേണ്ടി കവി കൂടിയായ ആലങ്കോട് ലീലാകൃഷ്‍ണനാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. പൊന്നാനി സ്വദേശിയായ ഇദ്ദേഹം തൃശ്ശൂർ ജില്ലക്കാരനല്ല എന്നത് പ്രചാരണത്തിൽ എതിരാളികൾ ആയുധമാക്കുന്നുണ്ട്.
യുഡിഎഫ് കാറ്റ് ആഞ്ഞുവീശിയ 2025ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും തൃശൂര്‍ എല്‍ഡിഎഫിനൊപ്പം നിന്നതാണ് ചരിത്രം. പക്ഷേ 2020ലെ വലിയ മേധാവിത്വം നിലനിര്‍ത്താനായില്ല എന്നത് എല്‍ഡിഎഫിനെ കുഴയ്‍ക്കുന്നു. കോര്‍പ്പറേഷൻ പിടിക്കാനായി എന്നത് യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. കോര്‍പ്പറേഷൻ വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് തൃശ്ശൂര്‍ നിയമസഭാ മണ്ഡലവും. ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനാണ്.
മുൻസിപ്പാലിറ്റികളില്‍ ജില്ലയില്‍ അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫ് അധികാരത്തിലേറിയപ്പോള്‍ രണ്ടെണ്ണം മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. ബ്ലോക്ക് പഞ്ചായത്തില്‍ 10 എണ്ണത്തിലാണ് എല്‍ഡിഎഫ് ഭരണത്തിലുള്ളത്. അഞ്ച് എണ്ണമാണ് യുഡിഎഫിന് ഒപ്പമുള്ളത്. ഗ്രാമപഞ്ചായത്തുകളിലാകട്ടെ 44 എണ്ണത്തില്‍ എല്‍ഡിഎഫ് ഭരണം നേടിയപ്പോള്‍ 34 എണ്ണത്തില്‍ ആണ് യുഡിഎഫിന് അധികാരത്തിലേറാനായത്. 2020 ല്‍ ജില്ലയില്‍ 69 പഞ്ചായത്തില്‍ എല്‍ഡിഎഫായിരുന്നു അധികാരത്തിലെത്തിയത്. അതുവെച്ച് നോക്കുമ്പോള്‍ 2020ലെ 16ല്‍ നിന്ന് വൻ മുന്നേറ്റമാണ് യുഡിഎഫിന് നടത്താനായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam