
കാലങ്ങളായി യുഡിഎഫിനൊപ്പം നിൽക്കുന്ന മണ്ഡലങ്ങളാണ് മലപ്പുറം ഭൂരിപക്ഷവും. പൊന്നാനി മണ്ഡലം ഒഴികെയുള്ളവ വർഷങ്ങളായി മുസ്ലീം ലീഗിന്റെ കടുത്ത കോട്ടയായി നിൽക്കുന്നവയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മണ്ഡലമാണ് തിരൂരങ്ങാടി. മലപ്പുറം ജില്ലയിലെ ഏ.ആർ നഗർ, തേഞ്ഞിപ്പലം, മൂന്നിയൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, വള്ളിക്കുന്ന്, പെരുവള്ളൂർ എന്നീ ഗ്രാമപഞ്ചായത്തുകളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് തിരൂരങ്ങാടി നിയമസഭാ മണ്ഡലം. 2001 ലും 2006 ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന്റെ കുട്ടി അഹമ്മദ് കുട്ടിയാണ് എംഎൽഎ ആയി അധികാരത്തിലുണ്ടായിരുന്നത്. ശേഷം 2011 ലും 2016 ലും പി കെ അബ്ദുറബ്ബ് എംഎൽഎ ആയി. 2011 ൽ ഉമ്മൻചാണ്ടി മന്ത്രി സഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു പി കെ അബ്ദു റബ്ബ്. പിന്നീട് 2021 ലെ പൊതുതെരഞ്ഞെടുപ്പിൽ കെ. പി. എ. മജീദ് മത്സരിച്ച് വിജയിച്ചു. ഇത്തവണ യുഡിഎഫിന് വേണ്ടി തിരൂരങ്ങാടിയിൽ കളത്തിലിറങ്ങുന്നത് പി എം എ സമീർ ആണ്. എൽ ഡി എഫിൽ നിന്നും അജിത് കോലടി മത്സരത്തിനിറങ്ങുന്നു. എൻ ഡി എ സ്ഥാനാർത്ഥിയായി റിജു സി രാഘവും കളത്തിലുണ്ട്.
204 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ആകെ 2,22,792 വോട്ടർമാർ മണ്ഡലത്തിലുണ്ടെന്നാണ് കണക്ക്. ഇതിൽ 51 ശതമാനം അഥവാ 1,13,015 വോട്ടർമാരും പുരുഷന്മാരാണ്. 1,09,776 സ്ത്രീ വോട്ടർമാരും ഒരും ട്രാൻസ്ജെൻഡർ വോട്ടറുമാണ് ഉള്ളത്. 2021 ലെ കണക്കെടുക്കുമ്പോൾ 43.5 ശതമാനം വോട്ടുകളാണ് എൽഡിഎഫിന് തിരൂരങ്ങാടിയിൽ ജയിച്ചത്. 50 ശതമാനം വോട്ടോടെയാണ് യുഡിഎഫ് വിജയിച്ചത്. 5.7 ശതമാനം വോട്ടുകൾ ബിജെപിക്ക് നേടാനായിട്ടുണ്ട്. 2016 ലെ കണക്കുകളിൽ എൽഡിഎഫ്, യുഡിഎഫ്, ബജെപിക്ക് 42.3 ശതമാനം, 46.7 ശതമാനം, 6 ശതമാനം എന്നിങ്ങനെയാണ് വോട്ട് കണക്ക്. എൽഡിഎഫിനെ സംബന്ധിച്ച് കഴിഞ്ഞ 15 വർഷങ്ങളിൽ വോട്ടിംഗ് ശതമാനം കൂട്ടിക്കൊണ്ടു വന്ന മണ്ഡലമെന്ന പ്രതീക്ഷയും തിരൂരങ്ങാടിയിൽ ഉണ്ട്. ബിജെപിക്ക് തുലോം കുറവെങ്കിലും സ്ഥായിയായ വോട്ടിംഗ് ശതമാനം തിരൂരങ്ങാടിയിൽ ഉണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി ആരോടൊപ്പം നിൽക്കുമെന്ന് കണ്ടറിയണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam