
തിരുവനന്തപുരം: വികസനം മുതൽ വിശ്വാസം വരെയും ഭരണവിരുദ്ധ വികാരം മുതൽ വികസന പ്രതിസന്ധികൾ വരെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായ ജില്ലയാണ് തിരുവനന്തപുരം. ഭരണ സിരാകേന്ദ്രത്തിന്‍റെ ചുറ്റുവട്ടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചൂടും ചൂരും പോളിംഗ് ബൂത്തിലേക്ക് എത്തുമ്പോൾ കുളം കലങ്ങിയ നിലയിലാണ് തലസ്ഥാനത്തിന്‍റെ രാഷ്ട്രീയ മനസ്സ്. തലസ്ഥാനം ആരെടുക്കും എന്ന് ഇപ്പോള്‍ പ്രവചിക്കുക അസാധ്യമാകുന്ന രീതിയിലായിരുന്നു തിരുവനന്തപുരം ജില്ലയില്‍ മൂന്ന് മുന്നണികളുടെയും പ്രചാരണം.
തിരുവനന്തപുരം ജില്ലയിലെ പതിനാല് നിയോജക മണ്ഡലങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ മൂന്ന് മുന്നണികള്‍ക്കും ഒന്നും എളുപ്പമല്ലെന്ന ഒറ്റത്തോന്നലാണ് ഇപ്പോള്‍ മനസില്‍. ചേരുവകളെല്ലാം ആവശ്യത്തിനുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ പൊതുവെ ഒരു ഇതുപക്ഷചായ്‌വാണ് സാധാരണ തിരുവനന്തപുരത്തിന്. പക്ഷേ, ഇത്തവണ അതങ്ങനെ തുടരുമെന്ന് തീർത്ത് പറയാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
2021-ല്‍ തുടർഭരണമെന്ന ചരിത്ര നേട്ടത്തിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനും നടന്ന് കയറുമ്പോൾ തിരുവനന്തപുരത്തെ പതിനാല് മണ്ഡലങ്ങളിൽ 13 എണ്ണവും കൂടെ ഉണ്ടായിരുന്നു. തീരദേശ വോട്ടിന്‍റെ ആധിക്യമുള്ള കോവളം മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. എന്നാല്‍, 2024-ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും മികച്ച വിജയം നേടാനായതിന്‍റെ ആത്മവിശ്വാസം ഇപ്പോള്‍ യുഡിഎഫിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനവും പ്രതിപക്ഷ നിരയ്‌ക്ക് പ്രതീക്ഷയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി കയ്യടക്കിയതിന്‍റെ തീർത്താൽ തീരാത്ത നാണക്കേടിന് ഇടയിലും 14 നിയോജക മണ്ഡലങ്ങളിൽ ഒമ്പതെണ്ണത്തിൽ ആധിപത്യം നിലനിർത്താൻ സാധിച്ചല്ലോ എന്നാണ് ഇടതുക്യാമ്പിന്‍റെ ആശ്വാസം.
ചിറയിൻകീഴ്, ആറ്റിങ്ങൽ, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നെയ്യാറ്റിൻകര, പാറശ്ശാല, കോവളം, വർക്കല, നേമം, കാട്ടാക്കട എന്നീ 14 നിയോജക മണ്ഡലങ്ങളാണ് തലസ്ഥാന ജില്ലയിലുള്ളത്. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ ഇവിടെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2016-ൽ നേമത്ത് തുറന്ന ആദ്യ അക്കൗണ്ട് ഇത്തവണ വീണ്ടും തുറക്കാമെന്ന ആത്മവിശ്വാസം തുടക്കം മുതലേ ബിജെപി പ്രകടിപ്പിക്കുന്നുണ്ട്. അതിന്‍റെ ഫലമെന്താകുമെന്ന് വോട്ടെണ്ണുന്ന മെയ് നാലിന് മുമ്പ് പ്രവചിക്കുക അസാധ്യം. എന്തായാലും, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നീ മൂന്ന് എ-ക്ലാസ് മണ്ഡലങ്ങളിൽ ബിജെപി പിടിക്കുന്ന വോട്ടുകള്‍ തലസ്ഥാനത്തെ ജനവിധിയിൽ നിർണ്ണായകമാകുമെന്നുറപ്പ്.
നേമം തിരിച്ചുപിടിക്കാൻ എന്‍ഡിഎയുടെ രാജീവ് ചന്ദ്രശേഖറും, ഒരിക്കൽ തുറന്ന അക്കൗണ്ട് ഇരട്ടത്താഴിട്ട് പൂട്ടുമെന്ന് പ്രഖ്യാപിച്ച് ഇടതുമുന്നണിയുടെ വി. ശിവന്‍കുട്ടിയും, ഒപ്പത്തിനൊപ്പം മത്സരിക്കാൻ യുഡിഎഫിന്‍റെ കെ.എസ്. ശബരീനാഥനും കളംനിറഞ്ഞതോടെ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നേമത്ത് നടക്കുന്നത്. കെ. മുരളീധരനിലൂടെ മണ്ഡലം തിരിച്ച് പിടിക്കാൻ യുഡിഎഫ് ലക്ഷ്യമിടുന്ന വട്ടിയൂർകാവിലും സ്ഥിതി സമാനം തന്നെ. ഒന്നര ടേമിന്‍റെ ആത്മവിശ്വാസത്തിൽ വി.കെ. പ്രശാന്തും എൻഡിഎക്ക് വേണ്ടി മുൻ ഡിജിപി ആർ. ശ്രീലേഖയും ഇറങ്ങിയതോടെ വട്ടിയൂര്‍ക്കാവിലെ മത്സരം പ്രവചനാതീതമായി. ശബരിമല സ്വർണ്ണക്കൊള്ള പ്രധാന പ്രചാരണ വിഷയമായ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം കൊണ്ട് ശ്രദ്ധേയമാണ് കഴക്കൂട്ടം മണ്ഡലവും. മുൻ ദേവസ്വം മന്ത്രിയും ദീര്‍ഘകാലം കഴക്കൂട്ടത്തെ പ്രതിനിധീകരിക്കുന്ന സിപിഎം എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രനെതിരെ മുൻ കേന്ദ്ര മന്ത്രി വി. മുരളീധരനാണ് എൻഡിഎ സ്ഥാനാർഥി. ഇറങ്ങാൻ ഒരൽപ്പം വൈകിയെങ്കിലും, മണ്ഡലത്തിൽ സുപരിചിതനെന്ന ആത്മവിശ്വാസത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി ശരത്ചന്ദ്രപ്രസാദും എത്തിയതോടെ കോസ്മോപൊളിറ്റൻ മണ്ഡലമായ കഴക്കൂട്ടത്തും ത്രികോണ മത്സരച്ചൂടാണ്.
സിറ്റിംഗ് എംഎൽഎമാർ എല്ലാവരും ഇടതുമുന്നണിക്ക് വേണ്ടി തലസ്ഥാന ജില്ലയിൽ മത്സരത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണത്തേത് പോലെ എളുപ്പമാകില്ല എല്‍ഡിഎഫിന് കാര്യങ്ങൾ എന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീറും വാശിയും തെളിയിക്കുന്നത്. മണ്ഡല പരിചയം ഉള്ള മുതിർന്ന നേതാക്കൾ മത്സരിക്കുന്നു എന്നത് തന്നെയാണ് യുഡിഎഫ് ക്യാമ്പിന്‍റെ ഉണർവിന് കാരണം, വി.എസ്. ശിവകുമാറിലൂടെ അരുവിക്കര, എൻ. ശക്തനിലൂടെ നെയ്യാറ്റിൻകര, വർക്കല കഹാറിലൂടെ വർക്കല എന്നീ മണ്ഡലങ്ങള്‍ പിടിക്കാനുറച്ചായിരുന്നു യുഡിഎഫിന്‍റെ പ്രചാരണ പരിപാടികള്‍. എല്‍ഡിഎഫിന്‍റെ ഉറച്ച മണ്ഡലമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന കാട്ടാക്കടയിൽ ഐ.ബി. സതീഷ് എന്ന കരുത്തനെതിരെ മണ്ഡലത്തിൽ ഓടി നടക്കുന്ന എം.ആർ. ബൈജു സ്ഥാനാര്‍ഥിയായി എത്തിയതോടെ മത്സരാന്തരീക്ഷമായി. ഇടത് കുത്തക മണ്ഡലമായ വാമനപുരത്ത് ഡി.കെ. മുകളിക്കെതിരെ ഇത്തവണ മത്സര സാധ്യത തുറന്നിടുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി സുധീർഷാ പാലോട്.
ജനാധിപത്യ കേരളാ കോൺഗ്രസ് എംഎൽഎ ആയിരുന്ന ആന്‍റണി രാജു മാറിയതിനെ തുടർന്ന് എല്‍ഡിഎഫ് സ്ഥാനാർഥി പട്ടികയിലേക്ക് അവസാന നിമിഷം ഓടിക്കയറിയ കമന സുധീറും തലസ്ഥാനത്തെ നഗരമണ്ഡലത്തിൽ വലിയ ഓളം ഉണ്ടാക്കിയിട്ടുണ്ട്. കാലങ്ങളായി കൂടെയുള്ള സിഎംപിക്കുള്ള നീതി എന്ന നിലയ്ക്ക് സി.പി. ജോണിനെ തലസ്ഥാനത്ത് ഇറക്കിയ യുഡിഎഫും ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബിജെപി നേതാവ് കരമന ജയനാണ് തിരുവനന്തപുരം സെന്‍ട്രലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam