ഉദുമയുടെ ചുവപ്പ് മാറ്റാൻ നീലകണ്ഠൻ; അട്ടിമറി ലക്ഷ്യമിട്ട് യുഡിഎഫ് പടയൊരുക്കം, പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിക്കുമോ?

Published : Mar 26, 2026, 02:58 PM IST
LDF UDF

Synopsis

കഴിഞ്ഞ കാലത്തെ തെരഞ്ഞെടുപ്പ് വിജയങ്ങൾ ഇടതിനൊപ്പമാണെങ്കിലും യുഡിഎഫും ബിജെപിയും ഉയർത്തുന്ന പുതിയ വെല്ലുവിളികൾ മണ്ഡലത്തിലെ പോരാട്ടം കടുപ്പിക്കുമെന്നാണ് സൂചന.

സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ എക്കാലവും ഇടതുകോട്ടയായി നിലകൊള്ളുന്ന മണ്ഡലമാണ് കാസർകോട് ജില്ലയിലെ ഉദുമ. 1991 മുതൽ തുടർച്ചയായി സി.പി.ഐ.എം സ്ഥാനാർത്ഥികൾ മാത്രമാണ് ഇവിടെ വിജയിക്കുന്നത്. മണ്ഡലത്തിൽ ഇത്തവണയും കടുത്ത പോരാട്ടമാണ് നടക്കാനിരിക്കുന്നത്. എൽഡിഎഫിനും യുഡിഎഫിനും പുറമെ ബിജെപിയ്ക്കും സ്വാധീനമുള്ള മണ്ഡലമായതിനാൽ തന്നെ ഇത്തവണ എൻഡിഎ പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും.

1991ൽ സിപിഎമ്മിന്റെ പി രാഘവൻ കോൺഗ്രസിന്റെ കെ പി കുഞ്ഞിക്കണ്ണനെതിരെ വിജയിച്ചതിന് ശേഷം ഇതുവരെ ഉദുമ മണ്ഡലത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിയിട്ടില്ല. 1996ൽ സമാനമായ ഏറ്റുമുട്ടൽ തന്നെയാണ് മണ്ഡലത്തിലുണ്ടായത്. അപ്പോഴും ജയം പി രാഘവനൊപ്പം നിന്നു. 2001 മുതൽ 2016 വരെ നടന്ന നാല് തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി വിജയിച്ച് ഇടതുപക്ഷം കോട്ട കാത്തു. 2001ൽ കെ വി കുഞ്ഞിരാമൻ 9,600ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി കെ ശ്രീധരനെ പരാജയപ്പെടുത്തിയത്. 2006ൽ ഭൂരിപക്ഷം കുത്തനെ ഉയര്‍ന്നു. യുഡിഎഫിന്റെ പി ഗംഗാധരൻ നായര്‍ക്കെതിരെ 27,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ വി കുഞ്ഞിരാമൻ വിജയിച്ചത്.

2011ൽ കെ കുഞ്ഞിരാമനും സി കെ ശ്രീധരനും തമ്മിലായിരുന്നു പോരാട്ടം. എന്നാൽ, 11,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ കുഞ്ഞിരാമൻ മണ്ഡലം നിലനിര്‍ത്തി. 2016ൽ കെ കുഞ്ഞിരാമൻ വീണ്ടും വിജയിക്കുന്ന കാഴ്ചയാണ് കാണാനായത്. 2021ൽ സി എച്ച് കുഞ്ഞമ്പുവിനെയാണ് എൽഡിഎഫ് ഉദുമയില്‍ ഇറക്കിയത്. യുഡിഎഫിന്റെ ബാലകൃഷ്ണ പെരിയയെ 13,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മറികടന്നാണ് കുഞ്ഞമ്പു മണ്ഡലം നിലനിര്‍ത്തിയത്.

2026ലെ സാഹചര്യത്തിൽ മാറ്റമുണ്ടെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. ഇന്ന് (മാർച്ച് 26) പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ്. ഏതായാലും ഉദുമയിലെ ചിത്രം തെളിഞ്ഞു കഴിഞ്ഞു. സിറ്റിംഗ് എം.എൽ.എ സി എച്ച് കുഞ്ഞമ്പു തന്നെ മണ്ഡലം നിലനിർത്താൻ ജനവിധി തേടുമ്പോൾ ഐ.എൻ.സി സ്ഥാനാർത്ഥിയായി കെ. നീലകണ്ഠൻ മത്സരരംഗത്തുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടാക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ബിജെപിയുടെ സാന്നിധ്യവും മണ്ഡലത്തിൽ നിർണ്ണായകമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗുരുതര ആരോപണവുമായി കെ മുരളീധരൻ; 'വട്ടിയൂർക്കാവിൽ തന്നെ തോൽപ്പിക്കാൻ ബിജെപി കൗണ്‍സിലര്‍മാരടക്കം സിപിഎം സ്ഥാനാര്‍ത്ഥിക്കായി പ്രചാരണം നടത്തുന്നു'
പത്തനാപുരത്തെ ഫലത്തിൽ കേരളം ഞെട്ടുമെന്ന് ജ്യോതികുമാർ ചാമക്കാല; തിരിച്ചടിച്ച് കെ ബി ഗണേഷ് കുമാർ