നിയമസഭാ തെരഞ്ഞെടുപ്പ്; നിർണായക ചർച്ചകളിലേക്ക് കോൺഗ്രസ്, ഗെഹ്ലോട്ട് ഇന്നെത്തും

By Web TeamFirst Published Jan 22, 2021, 6:52 AM IST
Highlights

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതിയുടെ ആദ്യ യോഗം നാളെ ചേരും. നാളെ രാവിലെ ഗെഹ്‌ലോട്ട് സംസ്ഥാനത്തെ എംപിമാരും എംഎൽഎമാരുമായും ചർച്ച നടത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന കോൺഗ്രസിൽ ഇന്നും നാളെയുമായി നിർണ്ണായക ചർച്ചകൾ നടക്കും. എഐസിസി നിയോഗിച്ച അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതി സംഘം ഇന്ന് കേരളത്തിൽ എത്തും. പാർട്ടി നേതാക്കളും ഘടക കക്ഷി നേതാക്കളുമായും ഇന്ന് ചർച്ച നടത്തും. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതിയുടെ ആദ്യ യോഗം നാളെ ചേരും. നാളെ രാവിലെ ഗെഹ്‌ലോട്ട് സംസ്ഥാനത്തെ എംപിമാരും എംഎൽഎമാരുമായും ചർച്ച നടത്തും. പിന്നാലെ കെപിസിസി ഭാരവാഹി യോഗവും ചേരും.

കെവി തോമസ് കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ യുഡിഎഫ് ജില്ലാ നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗമെങ്കിലും കെവി തോമസ് ഉയർത്തിയ രാഷ്ട്രീയ പ്രശ്നം യോഗത്തിന്‍റെ അജണ്ടയാകും. രാവിലെ പത്ത് മണിക്ക് ഡിസിസി ഓഫീസിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ എംപിമാർ, എം.എൽഎമാർ ഘടകകക്ഷി നേതാക്കൾ, നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവരാണ് പങ്കെടുക്കുന്നത്. നാളെ പതിനൊന്ന് മണിക്കാണ് കെവി തോമസ് നിലപാട് അറിയിക്കാൻ വാർത്താ സമ്മേളനം വിളിച്ചിട്ടുള്ളത്. കെവി തോമസിന്റെ സമ്മർദ്ദത്തിന് വഴങ്ങരുതെന്ന നിലപാടാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക്.

click me!