നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പൊതുയോഗങ്ങളും സെമിനാറുകളും ഒഴിവാക്കാൻ എൻഎസ്എസ് തീരുമാനിച്ചു. എല്ലാ കരയോഗങ്ങൾക്കും യൂണിയനുകൾക്കും ഇത് സംബന്ധിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സർക്കുലർ അയച്ചു. തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളോടും സമദൂരം എന്ന നയമാണ് സംഘടന പിന്തുടരുന്നത്
കോട്ടയം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പൊതുയോഗങ്ങളും സെമിനാറുകളും മേഖലാ സമ്മേളനങ്ങളും നടത്തരുതെന്ന് എൻ എസ് എസ്. ഇതുസംബന്ധിച്ച് എല്ലാ കരയോഗങ്ങൾക്കും യൂണിയനുകൾക്കും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കർശന നിർദ്ദേശം നൽകി സർക്കുലർ പുറപ്പെടുവിച്ചു. പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്ന തരത്തിലുള്ള പരിപാടികൾ സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം. എല്ലാ ഘടകങ്ങളും ഈ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം എന്നതാണ് എൻ എസ് എസിന്‍റെ പ്രഖ്യാപിത നിലപാട്. നേരത്തെ എസ് എൻ ഡി പിയുമായി സാമുദായിക ഐക്യനീക്കത്തിന് എൻ എസ് എസ് സമ്മതം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറിയിരുന്നു. സമദൂരമെന്ന നിലപാടിൽ വെള്ളം ചേരാതിരിക്കാനീണ് പിന്മാറ്റം എന്നായിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി അന്ന് വ്യക്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

