
തൃക്കാക്കരയിൽ എൻഡിഎയുടെ ഭാഗമായ ട്വന്‍റി 20യുടെ സ്ഥാനാർത്ഥിയായി സംവിധായകന്‍ അഖിൽ മാരാര്‍ മത്സരിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുകയാണ് അഖിൽ മാരാര്‍.
തൃക്കാക്കര ലഭിച്ചതില്‍ സന്തുഷ്‌ടനാണോ?
തൃക്കാക്കര ഞാൻ താമസിക്കുന്ന സ്ഥലമാണ്. കഴിഞ്ഞ നാല് വർഷമായിട്ട് ഞാനും എന്‍റെ കുടുബവും ഇവിടെയാണ്. കുട്ടികളെല്ലാം പഠിക്കുന്നതും ഇവിടെ തന്നെയാണ്. തൃക്കാക്കര ആണെങ്കിലും കൊട്ടാരക്കര ആണെങ്കിലും രണ്ടും എന്‍റെ വീടുകള്‍ തന്നെയാണ്. രണ്ടിലും കര ഉണ്ടല്ലോ. ഞാന്‍ ഈ മണ്ഡലം ലഭിച്ചതില്‍ ഹാപ്പിയാണ്. തൃക്കാക്കര യുഡിഎഫിന്‍റെ കോട്ടയെങ്കിൽ ഇവിടെ മത്സരിക്കുന്നതില്‍ ഒരു ചലഞ്ചുണ്ട്. അങ്ങനെ മത്സരിച്ച് ജയിക്കുമ്പോഴല്ലേ കാര്യമുള്ളൂ.
ഉമ തോമസിന്‍റെ ഭൂരിപക്ഷം ഒരു വെല്ലുവിളിയാകുമോ?
ഇല്ല, ജയിക്കാനുള്ള കാരണങ്ങൾ നമ്മൾ കണ്ടെത്തിക്കഴിഞ്ഞാൽ അയാൾ തോൽക്കാനുള്ള കാരണങ്ങൾ നമുക്ക് വളരെ എളുപ്പത്തിൽ ജനത്തിനോട് പറയാൻ പറ്റും. രാഷ്ട്രീയം എന്ന് വെച്ചാൽ ഒരു ജനപ്രതിനിധി ആ നാടിനു വേണ്ടി എന്ത് ചെയ്യുന്നു എന്ന് നോക്കിയിട്ട് വേണം അവിടുത്തെ ജനത അയാൾ വോട്ട് കൊടുക്കാൻ. അല്ലാതെ സഹതാപം വർക്ക് ആവാൻ പാടില്ല. പി. ടി തോമസ് എന്ന് പറയുന്ന കേരളത്തിൽ എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ഒരു മനുഷ്യന്‍റെ മരണശേഷം ഉണ്ടായ ഒരു വലിയ സഹതാപ തരംഗവും അടിസ്ഥാനപരമായി പിണറായി വിജയനോട് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ഒരു വിരോധവും ഈ തൃക്കാക്കര മണ്ഡലത്തിലേക്ക് എത്തിയ സമയത്ത് ജനങ്ങളില്‍ ഉമാ തോമസ് കൊള്ളാം എന്നൊരു ചിന്ത വരുന്നു. എന്നാല്‍ ഈ നാല് വർഷം കൊണ്ട് ഉമ തോമസ് എന്ന് പറയുന്ന എംഎൽഎ എന്താണ് ഇവിടെ ചെയ്തത്? എന്തൊക്കെ കാര്യങ്ങളാണ് അവർക്കിനി കൂടുതൽ ചെയ്യാൻ കഴിയുന്നത് അല്ലെങ്കിൽ അത്തരം ചർച്ചകളാണ് ഇനി നടക്കേണ്ടത്. അവിടെ ഇനി പി.ടി തോമസിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ല. ഇനി പി.ടി തോമസിന്റെ ഭാര്യയാണ് എന്നതല്ല നിയമസഭയിൽ മത്സരിക്കാനുള്ള മാനദണ്ഡമായി ഇനി മാറേണ്ടത്.
ചാണ്ടി ഉമ്മൻ ജയിച്ച സമയത്ത് അന്ന് ഞാൻ പറഞ്ഞ കാര്യമുണ്ട്. ഒരു പ്രാവശ്യം ഉമ്മൻ ചാണ്ടിയുടെ മകൻ എന്ന് പറയുന്ന പരിഗണനയായിരിക്കും പുതുപ്പള്ളി ജനത കൊടുക്കുന്നത്. അതിനുശേഷം പുതുപ്പള്ളി ജനതയ്ക്ക് എന്ത് ചെയ്തു എന്നതാണ് അടുത്ത നാല് വർഷത്തിനു ശേഷം വരേണ്ടത് എന്ന് ഞാൻ ചാണ്ടിയുമ്മൻ ജയിച്ച സമയത്ത് ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. അത് തന്നെയാണ് ഞാൻ ഇവിടെ ഉമ തോമസിന്റെ കാര്യത്തിലും പറയുന്നത്. ഇപ്പോൾ ഉമ തോമസിന് എന്തിന് വോട്ട് കൊടുക്കണം? അതിന് നിങ്ങൾക്ക് ഉത്തരം കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾ ഉമാ തോമസിന് തന്നെ വോട്ട് കൊടുത്തോളൂ. ഈ നാടിനുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത, ഇനിയും ചെയ്യാൻ സാധ്യതയുള്ള ഒരാളാണെങ്കിൽ നിങ്ങൾ ഉമാ തോമസിന് വോട്ട് കൊടുക്കണം.
അതേസമയം ആ ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ മനസ്സാക്ഷിക്ക് നിരക്കാത്തതാണെങ്കിൽ രാഷ്ട്രീയമല്ല നോക്കേണ്ടത്, രാഷ്ട്രീയ അടിമത്വത്തിൽ നിന്ന് പുറത്തുവന്നുകൊണ്ട് കൂടുതൽ കാര്യങ്ങൾ നാടിനുവേണ്ടി ചെയ്യാൻ കഴിയുന്ന ആൾക്കാരെ തിരഞ്ഞെടുത്തുകൊണ്ട് നാടിനൊപ്പം സഞ്ചരിക്കാൻ ഓരോ ജനതയും ശ്രമിക്കണം. ഭൂരിപക്ഷങ്ങളൊക്കെ പൊളിയാനൊന്നും വലിയ പ്രയാസമൊന്നുമില്ല. ഒരുപാട് കാലം കോൺഗ്രസ് പല സ്ഥലങ്ങളും ഭരിച്ചിട്ടുണ്ട്. വർഷങ്ങളോളം ഭരിച്ചിട്ടുണ്ട്, തുടർച്ചയായി ഭരിച്ചിട്ടുണ്ട്. പിന്നീട് അവിടുന്ന് ജനം തൂത്തെറിക്കുകയും അവിടുന്ന് ഒരുകാലത്തും തിരിച്ചുവരാൻ പറ്റാത്ത, ഒരു സീറ്റിൽ പോലും ജയിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് അവർ തഴയപ്പെട്ടു പോയിട്ടുമുണ്ട്.
സെലിബ്രിറ്റി സ്റ്റാറ്റസ് ഗുണമാകും എന്ന് കരുതുന്നുണ്ടോ?
ഒരിക്കലും ഗുണകരമാവില്ല. ഒന്നാമത് ഞാൻ അങ്ങനെ ഒരു വലിയ സെലിബ്രിറ്റി ഒന്നുമല്ല. ഞാൻ മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു സൂപ്പർസ്റ്റാർ ആണെന്ന് തന്നെ ഇരിക്കട്ടെ. എന്നാൽ പോലും ഒരു മനുഷ്യനും ആർക്കും വോട്ട് ചെയ്യാൻ പോകുന്നില്ല. അത്രയും വിഡ്ഢികളൊന്നുമല്ല നമ്മുടെ നാട്ടിലുള്ളവര്‍. ഇവിടുത്തെ സൂപ്പർസ്റ്റാറുകൾക്ക് കിട്ടുന്ന ഇഷ്ടം എന്ന് പറയുന്നത് അവർ സിനിമയിൽ അഭിനയിക്കുന്നത് കൊണ്ട് കിട്ടുന്ന ഇഷ്ടമാണ്. അവരുടെ രാഷ്ട്രീയ അഭിപ്രായം പറഞ്ഞു കഴിഞ്ഞാൽ ഉണ്ടാകുന്ന ഒരു അപകടം എന്താണെന്നുള്ള കാര്യം വെറും ഒരാഴ്ച മുൻപ് വയനാട് വിസിറ്റ് ചെയ്യാൻ പോയ മമ്മൂക്കയ്ക്ക് എതിരെ നടന്ന അറ്റാക്കിൽ നിന്ന് മാത്രം മനസ്സിലാക്കാം.
ഞാൻ 2010 മുതൽ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ഒരാളാണ്. പിണറായി വിജയനെതിരെ പറഞ്ഞതിന്‍ പേരിൽ എനിക്കെതിരെ കേസുമുണ്ട്. ഞാൻ എടുത്ത സിനിമയില്‍ പോലും കൃത്യമായ രാഷ്ട്രീയം ഉണ്ടായിരുന്നു. ഒരുപാട് ചാനൽ ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകനായി പങ്കെടുത്തിട്ടുള്ള ഒരാളാണ്. അപ്പോള്‍ കേവലം ഒരു ബിഗ് ബോസ് വെച്ചിട്ടല്ല എന്നെ അളക്കേണ്ടത്. അത്തരമൊരു സെലിബ്രിറ്റി ഇമേജോ കാര്യങ്ങളോ ഒന്നും ഇവിടെ വേണ്ട. നാടിന് പ്രയോജനപ്പെടുന്ന ഒരാളാണെങ്കിൽ മാത്രം ഒരു വോട്ട് നൽകുക എന്നേ എനിക്ക് പറയാനുള്ളൂ.
ഉയര്‍ത്തിക്കാണിക്കാന്‍ പോകുന്ന വികസന ലക്ഷ്യങ്ങള്‍?
തൃക്കാക്കര എന്ന് പറയുന്നത് കൊച്ചിയുടെ ഹാർട്ട് ഓഫ് ദി സിറ്റിയാണ്. പ്രത്യേകിച്ച് കേരളത്തിന്റെ തന്നെ ഒരു സെന്റർ ഭാഗമാണ്. വിദേശത്തുനിന്ന് വരുന്നവര്‍ ഏറ്റവും കൂടുതൽ വന്നു കണ്ടുപോകുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. അതുകൊണ്ട് തന്നെ ഈ മണ്ഡലത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. അതോടൊപ്പം തന്നെ നമ്മുടെ കലൂർ സ്റ്റേഡിയം ആയിക്കോട്ടെ, സിനിമ മേഖല കേന്ദ്രീകരിക്കപ്പെട്ട് കിടക്കുന്ന പ്രദേശങ്ങൾ ആയിക്കോട്ടെ ഇതെല്ലാം ഇവിടെയാണ്. അപ്പോള്‍ അത്തരത്തിലൊരു വികസനം ഇവിടെ ലക്ഷ്യമിടുന്നുണ്ട്. പിന്നെ ഞങ്ങൾ അത് കൊണ്ടുവരാം, ഇത് കൊണ്ടുവരാം എന്ന് പറഞ്ഞ് എല്ലാ തെരഞ്ഞെടുപ്പുകളിലും ജനത്തെ പറ്റിക്കുന്ന പരിപാടിയാണ് പൊതുവേ രാഷ്ട്രീയ നേതാക്കന്മാര്‍ കാണിക്കുന്നത്. അങ്ങനെയൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെ കേന്ദ്ര സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളെ ഇവിടേക്ക് കൊണ്ടുവരണം എന്നുള്ളത് തന്നെയാണ് പ്രധാന ലക്ഷ്യം. ഇവിടെ വോട്ടർമാർക്ക് പുറത്തുനിന്നും ഒരുപാട് ആൾക്കാർ വന്ന് താമസിക്കുന്നുണ്ട്. ഒരുപാട് ആവശ്യങ്ങൾ അവർക്കുണ്ട്. അപ്പോള്‍ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി കൂടെ പ്രവർത്തിക്കാൻ കഴിയണം. അതിനുവേണ്ടിയിട്ടുള്ള സപ്പോർട്ട് ഇവിടുത്തെ വോട്ടർമാർക്കെ തരാൻ പറ്റൂ. എനിക്ക് ചെയ്യാൻ സാധ്യമായത് എന്തൊക്കെ ഈ നാടിന് വേണ്ടി ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യാൻ വേണ്ടി മുന്നിലുണ്ടാവും.
നിയമസഭ തെരഞ്ഞെടുപ്പില്‍ ടി20യുടെ പ്രതീക്ഷകള്‍?
എന്താണ് ട്വന്‍റി 20 എന്നത് കിഴക്കമ്പലം പഞ്ചായത്തിൽ മാത്രം പോയാൽ നമുക്കറിയാൻ പറ്റും. നാല് പഞ്ചായത്തുകൾ അവർ ഭരിക്കുന്നത് ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്തതുകൊണ്ട് മാത്രമാണ്. മൂന്ന് രാഷ്ട്രീയ പാർട്ടികൾക്കെതിരെയും ഒരുകാലത്ത് എതിർത്ത് ഒറ്റയ്ക്ക് പോരാടി ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്തു കൊടുത്താണ് ട്വന്‍റി 20 ഇവിടെ നിലനിന്നത്. അപ്പോള്‍ ഇന്ന് ട്വന്‍റി 20 കൂടുതൽ കാര്യങ്ങൾ നാടിന് വേണ്ടി ചെയ്യാൻ ആഗ്രഹിക്കുമ്പോൾ എൻഡിഎ ട്വന്‍റി 20യെ കൂടെ ചേർക്കുമ്പോൾ അതിനകത്ത് ഒരുപാട് മാനങ്ങളുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam