
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിൽ കേരളം. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി മുന്നണികൾ. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും പ്രചാരണം തുടങ്ങി. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. വൈകിട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് പട്ടികക്ക് അംഗീകാരം നല്‍കും. കേരളത്തില്‍ നിന്ന് ദില്ലിയിലെത്തുന്ന നേതാക്കള്‍ രാവിലെ ചര്‍ച്ച നടത്തി കൂടുതല്‍ മണ്ഡലങ്ങളില്‍ ഒറ്റപേരിലെത്തും. നാൽപതിനും അൻപതിനുമിടയിൽ സ്ഥാനാർത്ഥികളെയായിരിക്കും കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കുക. ഇതുവരെ 36 സീറ്റുകളിലാണ് ഒറ്റപ്പേരിലേക്ക് എത്തിയത്. ബുധനാഴ്ചയോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാനാണ് ശ്രമം. സീറ്റ് ചർച്ച വേഗത്തിൽ പൂർത്തിയാക്കാൻ ഘടകകക്ഷികളുടെ സമ്മർദ്ദം ശക്തമാണ്. ഇക്കാര്യത്തിൽ ജോസഫ് ഗ്രൂപ്പും, ലീഗും കടുത്ത അതൃപ്‌തിയിലാണ്.
ഇതിനിടെ, അതൃപ്തിയിലുള്ള കെ സുധാകരനുമായി ഹൈക്കമാന്‍ഡ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടരുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയായെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ രാത്രി പ്രതികരിച്ചത്. സീറ്റുവിഭജനത്തിൽ തർക്കമില്ലെന്നും തീരുമാനം നാളെയുണ്ടാകുമെന്നും വി.ഡി.സതീശൻ പറഞ്ഞു. അതേസമയം സതീശനെ തള്ളി കേരള കോൺഗ്രസ് രംഗത്തെത്തി. സീറ്റ് ചർച്ചയിൽ ധാരണയായിട്ടില്ലെന്നും രണ്ടു ദിവസത്തിനകം തീരുമാനമാകുമെന്നായിരുന്നു പി.ജെ.ജോസഫിന്‍റെ പ്രതികരണം.
അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള മുസ്ലിം ലീഗിന്‍റെ നേതൃയോഗം ഇന്ന് നടക്കും. മലപ്പുറത്ത് രാവിലെ പതിനൊന്നിനാണ് യോഗം ചേരുക. യുഡിഎഫിലെ സീറ്റ് വെച്ചു മാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ തീരുമാനം പി.കെ.കുഞ്ഞാലിക്കുട്ടി നേതാക്കളെ അറയിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അന്തിമ തീരുമാനവും ഇന്നുണ്ടാകും. സംസ്ഥാന പ്രസിഡന്‍റ് സാദിഖ് തങ്ങൾ ചൊവ്വാഴ്ച സ്ഥനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഇതിനിടെ, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ തന്നെ പലയിടത്തും എൽഡിഎഫ് പ്രചാരണം തുടങ്ങി. മുഖ്യമന്ത്രിയും ഒമ്പത് മന്ത്രിമാരും ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും അടക്കം പ്രമുഖരുടെ വലിയ നിര തന്നെ മത്സരരംഗത്തുണ്ട്. പാലക്കാട് അടക്കം അഞ്ച് മണ്ഡലങ്ങൾ സിപിഎം പൊതു സ്വതന്ത്രർക്ക് വേണ്ടി ഒഴിച്ചിട്ടിരിക്കുകയാണ്.
മതിയായി മാറ്റാം തുടങ്ങാം എന്ന് മുദ്രാവാക്യമുയർത്തി പിടിച്ചാണ് നിർണായക പോരിന് ബി ജെ പിയും എൻ ഡി എ മുന്നണിയും ഇറങ്ങുന്നത്. 95 ശതമാനം സ്ഥാനാർഥികളെയും തീരുമാനിച്ചെന്നും തർക്കങ്ങൾ ഇല്ലാതെ ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയത്. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ട അടൂരിലെ കോൺഗ്രസ് നേതാവ് ബാബു ദിവാകരനെ എൻഡിഎയുടെ ഭാഗമായ ട്വന്റി ട്വന്റി കുന്നത്ത് നാട് സർപ്രൈസ് സ്ഥാനാർഥിയായി അവതരിപ്പിച്ചു. മാങ്ങ മാറി ഇത്തവണ ട്വന്റി ട്വീന്റിയുടെ ചിഹ്നം ചക്കയാണ്. ചുവരെഴുത്തിലൂടെ കുന്നതു നാട്ടിലെ പ്രചാരണത്തിണ് രാജീവ് ചന്ദ്രശേഖർ തന്നെ തുടക്കമിട്ടു.
കേരളത്തിന് പുറമെ ഏപ്രിൽ ഒന്‍പതിന് അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് നടക്കും. തമിഴ്നാട് ഏപ്രിൽ 23 നും, പശ്ചിമബംഗാളിൽ രണ്ട് ഘട്ടമായി ഏപ്രിൽ 23 നും 29നുമാണ് വോട്ടെടുപ്പ്. ഏറെ വിവാദമുണ്ടാക്കിയ എസ്ഐആർ നടപടികൾ പൂർത്തിയാക്കിയശേഷം നടത്തുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. പരിശോധനയിൽ നിരവധിപ്പേരെ ഒഴിവാക്കുകയും ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam