
തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനും സഭ വിട്ടിറങ്ങലിനുമൊടുവില്‍ ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി.നായനാർ സർക്കാർ കൊണ്ട് വന്ന നിയമത്തിന് ,23 വർഷത്തിന് ശേഷമാണ് ഭേദഗതി.നായനാർക്ക് തെറ്റ് പറ്റിയോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.ലോകായുക്തക്കു ജുഡീഷ്യൽ പദവി ഇല്ലെന്നും ,ലോകായുക്ത കോടതിക്ക് തുല്യം അല്ലെന്നു ഹൈകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും നിയമമന്ത്രി പി രാജീവ് പറഞ്ഞു.
അഴിമതി കേസിൽ ലോകായുക്ത വിധിയോടെ പൊതു പ്രവർത്തകർ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞത്.പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയിൽ പൂന പരിശോധന അധികാരം നിയമസഭക്ക് നൽകുന്ന ഭേദഗതിയാണ് കൊണ്ട് വന്നത്.മന്ത്രിമാർക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം എൽ എമാർക്ക് എതിരായ വിധി സ്പീക്കർക്കും പരിശോധിക്കാം.സി പി ഐ മുന്നോട്ടു വെച്ച ഭേദഗതി സർക്കാർ ഔദ്യോഗിക ഭേദഗതി ആക്കുക ആയിരുന്നു.ബില്‍ പാസായെങ്കിലും ഗവർണർ ഒപ്പിടുമോ എന്നാണ് ആശങ്ക.
സബ്ജക്ട് കമ്മറ്റി പരിഗണിച്ച ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ക്രമപ്രശ്നവുമായെത്തി.. സഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി ചേർത്തത് ചട്ട വിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. എന്നാല്‍ ബില്ലിൽ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താം എന്ന് നിയമ മന്ത്രി പറഞ്ഞു. സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്ന് പി രാജീവ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ ക്രമപ്രശ്‌നം തള്ളി സ്പീക്കർ റൂളിംഗ് നല്‍കി.
ലോകായുക്തയുടെ പല്ലും നഖവും പറിച്ചു കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.ലോകായുക്ത വിധിയിൽ എങ്ങിനെ നിയമസഭക്ക് തീരുമാനം എടുക്കാൻ ആകും ?മുഖ്യമന്ത്രിക്ക് എതിരായ ലോകയുക്ത വിധിയെ നിയമസഭ ഒരിക്കലും അംഗീകരിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam