
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജനും ഉള്‍പ്പെടുന്ന ആറ് എൽഡിഎഫ് നേതാക്കളും ഇന്ന് കോടതിയിൽ ഹാജരാകും. വിചാരണ ആരംഭിക്കുന്നതിന്‍റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാൻ പ്രതികളെല്ലാം ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതികള്‍.
അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വിചാരണ നടപടികളുടെ തീയതി കോടതിയും ഇന്ന് തീരുമാനിക്കും. 2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കുറ്റപത്രം. വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന വി ശിവൻകുട്ടിയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസ് പിൻവലിക്കാനായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നുവെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.
വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയിലെ വിടുതൽ ഹർജിയിൽ വിധി വരുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ശിവന്‍കുട്ടി അടക്കമുള്ളവര്‍ വാദിച്ചത്. സാങ്കേതികവാദങ്ങളുയർത്തി വിചാരണ നടപടികളിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് കുറ്റപത്രം വായിച്ച് കേൾക്കുന്നതടക്കമുള്ള നടപടികൾക്കായി ഹാജരാകണമെന്നുമായിരുന്നു കോടതിയുടെ നിലപാട്.
കഴിഞ്ഞ വർഷം നവംബറിലാണ് വിടുതൽ ഹർജിയുമായി കേസിലെ പ്രതികളായ വി ശരിവൻകുട്ടി, ഇപി ജയരാജൻ, കെ അജിത്, അടക്കം ആറ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. വിടുതൽ ഹർജിയിൽ ഹൈക്കോടതി ഈ മാസം 26 ന് വിശദമായ വാദം കേൾക്കും. കേസിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണങ്ങൾക്ക് തെളിവില്ലെന്നുമടക്കമുള്ള വാദങ്ങളാണ് നേതാക്കൾ നിരത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam