
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് നീട്ടിക്കൊണ്ടുപോകാനാണ് മുൻ കോൺഗ്രസ് എംഎൽഎമാരെ പ്രതികളാക്കി പുതിയ കേസെടുക്കാനുള്ള നീക്കമെന്ന് എംഎ വാഹിദ്. ഇദ്ദേഹത്തെയടക്കം പ്രതിയാക്കി പുതിയ കേസെടുക്കാനാണ് ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷൻ ക്രൈം ബ്രാഞ്ചിന് നൽകിയ നിർദ്ദേശം. ക്രൈം ബ്രാഞ്ച് നടപടി നിയമവിരുദ്ധമാണെന്നും തന്നെ കേൾക്കാതെയാണ് സംഘം കേസെടുക്കുന്നതെന്നും വാഹിദ് വിമർശിച്ചു. മന്ത്രി ഉൾപ്പടെയുള്ളവരെ രക്ഷിക്കാനാണ് ശ്രമം. കോടതിയിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കോടതി നിർദ്ദേശ പ്രകാരമേ കേസെടുക്കാൻ പാടുള്ളൂ. കോടതി പരിഗണിക്കുന്ന കേസിൽ ഡിജിപിക്ക് കേസെടുക്കാൻ കഴിയില്ല. കേസിനെ നിയമപരമായി നേരിടുമെന്നും വാഹിദ് വ്യക്തമാക്കി.
മുൻ കോൺഗ്രസ് എംഎൽഎമാർക്കെതിരെ അന്നത്തെ ഇടത് വനിതാ എംഎൽഎമാരുടെ പരാതിയിലാണ് പുതിയ കേസ് എടുക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് നടപടി. തുടരന്വേഷണ റിപ്പോർട്ടിൽ പുതിയ പ്രതികളെ ചേർക്കേണ്ടെന്നാണ് നിയമോപദേശത്തിൽ ഡിജിപി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈം ബ്രാഞ്ച് ഡിജിപിക്ക് ശുപാർശ നൽകി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ പ്രത്യേകം കേസെടുക്കുക.
എംഎ വാഹിദ് , ശിവദാസൻ നായർ എന്നിവർ അടക്കം പുതിയ കേസിൽ പ്രതികളാകും. ഇടത് വനിതാ എംഎൽഎമാരെ തടഞ്ഞു വച്ച് കൈയേറ്റം ചെയ്തുവെന്നാണ് പരാതി. മുൻ വനിതാ എംഎൽഎമാരാണ് കേസിൽ പരാതിക്കാർ. പുതിയ കേസെടുക്കുന്ന കാര്യം ഈ മാസം 21 ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ ക്രൈം ബ്രാഞ്ച് അറിയിക്കും. കോൺഗ്രസ് എംഎൽഎമാരെ പ്രതി ചേർത്തായിരുന്നു അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. ഇതിൽ നിയമോപദേശം തേടിയപ്പോഴാണ് പ്രത്യേക കേസെടുക്കാൻ നിർദ്ദേശം ലഭിച്ചത്.
Asianet News | Nipah Virus | Nipah Virus Kerala | Asianet News Live