വമ്പൻ പ്രഖ്യാപനങ്ങളോടെ വന്ന സംസ്ഥാന ബജറ്റിൽ ഇടുക്കി ജില്ലക്ക് കാര്യമായ പരിഗണന ലഭിച്ചില്ല. തുരങ്കപാത സാധ്യത പഠനം, ടൂറിസം, റോഡ് വികസനം എന്നിവയ്ക്കായി നാമമാത്രമായ തുക വകയിരുത്തിയപ്പോൾ, ജില്ലയുടെ പ്രധാന കാർഷിക, തോട്ടം മേഖലകളെ അവഗണിച്ചു.

കട്ടപ്പന : വമ്പൻ പ്രഖ്യാപനങ്ങളോടെ സംസ്ഥാന സർക്കാർ അവതിപ്പിച്ച ബജറ്റിൽ ഇടുക്കിക്ക് കാര്യമായ പരിഗണന കിട്ടിയില്ല. തുരങ്കപാതയുടെ സാധ്യത പഠനത്തിനും ടൂറിസം പദ്ധതികൾക്കും നാലു റോഡുകളുടെ പുനരുദ്ധാരണത്തിനുമൊക്കെയായി നാമമാത്രമായ തുക മാത്രമാണ് വകയിരുത്തിയിട്ടുള്ളത്.

കട്ടപ്പനയിൽ നിന്നും തമിഴ്നാട്ടിലെ കമ്പത്തേക്ക് തുരങ്കപാത നിർമ്മിക്കാനുള്ള സാധ്യതാ പഠനത്തിനാണ് ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയത്. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ അനുവദിച്ച നൂറുകോടി രൂപയിൽ കുറച്ചെങ്കിലും ഇടുക്കിക്ക് കിട്ടുമെന്ന് കരുതാം. വന്യജീവി ആക്രമണം ഏറ്റുവും രൂക്ഷമായി അനുഭവിക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കിയെങ്കിലും ജില്ലക്ക് പ്രത്യേകമായി തുക വകയിരുത്തിയിട്ടില്ല. ഉടുമ്പൻ ചോലയിലെ പുതിയ സർക്കാർ ആയുർവേദ കോളേജിന് ഒന്നരക്കോടി രൂപ. കട്ടപ്പനയെ ടൂറിസം ഹബ്ബാക്കിയള്ള കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനത്തിന് 20 കോടി രൂപ. ദേവികുളം നാഷണൽ അഡ്വഞ്ചർ അക്കാദമി നിർമ്മാണ പ്രവർത്തനത്തിനായി എട്ടു കോടി രൂപ എന്നിവയൊക്കെയാണ് മറ്റ് പ്രഖ്യാപനങ്ങൾ.

ഇടുക്കി മെഡിക്കൽ കോളേജിന്റെ വികസനത്തിനായി 14 കോടിയോളം രൂപ, കിൻഫ്ര മുഖേന ചെറുതോണിയിൽ മിനി ഭക്ഷ്യപാർക്ക് സ്ഥാപിക്കുന്നതിന് നാലു കോടി രൂപ, പട്ടിശ്ശേരി ഡാമിന്റെയും കനാൽ സംവിധാനത്തിന്റെയും പുനർനിർമാണത്തിനായി 17 കോടി രൂപ, പൊൻകുന്നം – തൊടുപുഴ, വട്ടവട – മൂന്നാർ, താന്നിക്കണ്ടം അശോകകവല, ചെമ്മണ്ണാർ ഗ്യാപ് റോഡ് എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. ഇടുക്കി പാക്കേജിന് അഞ്ചുകോടി രൂപ വകയിരിത്തിയിട്ടുണ്ട്. ഇടുക്കിയിലെ തോട്ടം മേഖലക്കും കാ‍ർഷിക മേഖലക്കും പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ല.