ഗവർണ്ണര്‍ 'പോരി'നിടെ നന്ദിപ്രമേയ ചർച്ച തുടങ്ങുന്നു; 'തിരിച്ചുവിളിക്കലില്‍' ഉറച്ച് പ്രതിപക്ഷം

By Web TeamFirst Published Feb 3, 2020, 12:12 AM IST
Highlights

പൗരത്വ പ്രശ്നത്തിൽ ഗവർണ്ണറെ നിയമസഭയിൽ തടഞ്ഞ പ്രതിപക്ഷം നിലപാട് കടുപ്പിച്ച് തന്നെയാണ് എത്തുന്നത്

തിരുവനന്തപുരം: ഗവർണ്ണറുട നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ തുടങ്ങും. ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് വീണ്ടും പരിഗണിക്കണമെന്ന് പ്രതിപക്ഷനേതാവ് സഭയിൽ ആവശ്യപ്പെടും.

അസാധാരണമായ നയപ്രഖ്യാപന പ്രസംഗത്തിനും പ്രതിഷേധത്തിനുമൊടുവിലാണ് മൂന്ന് ദിവസത്തെ നന്ദിപ്രമേയ ചർച്ച തുടങ്ങുന്നത്. പൗരത്വ പ്രശ്നത്തിൽ ഗവർണ്ണറെ നിയമസഭയിൽ തടഞ്ഞ പ്രതിപക്ഷം നിലപാട് കടുപ്പിച്ച് തന്നെയാണ് എത്തുന്നത്. ഗവർണ്ണറെ കൊണ്ട് പൗരത്വപ്രശ്നത്തിലെ എതിർപ്പ് വായിപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാകും ഭരണപക്ഷം എത്തുക. അതുകൊണ്ടുതന്നെ ഗവർണ്ണറെ ചൊല്ലിയുള്ള ഏറ്റുമുട്ടൽ നിയമഭയില്‍ ഉറപ്പാണ്. ഗവർണ്ണർ-സർക്കാർ ഒത്ത് തീർപ്പെന്ന ആക്ഷേപം ഇതിനകം പ്രതിപക്ഷം ശക്തമാക്കിക്കഴിഞ്ഞു. സർക്കാറിന്‍റെ നയമാണ് ഗവർണ്ണർ വായിച്ചെങ്കിലും ഗവർണ്ണറെ ചർച്ചകളിൽ ഭരണപക്ഷം പിന്തുണക്കുമോ എന്നാണ് അറിയേണ്ടത്.

ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നൽകിയ നോട്ടീസ് കാര്യോപദേശകമസമതി തള്ളിയിട്ടുണ്ട്. സമിതി തീരുമാനം നിയമസഭയിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രതിപക്ഷനേതാവ് വീണ്ടും പ്രശ്നം ഉന്നയിക്കും. വിഷയം വീണ്ടും സമിതി പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെങ്കിലും സർക്കാർ വഴങ്ങില്ല. നന്ദിപ്രമേയ ചർച്ചക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിനും രാഷ്ട്രീയപ്രാധാന്യമേറെയാണ്. നയപ്രഖ്യാപനത്തിലെ പൗരത്വ വിമർശനം ഗവർണ്ണർ വായിച്ചതിലും പ്രതിപക്ഷ പ്രതിഷേധത്തിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

click me!