കൊറോണ: തൃശ്ശൂരിൽ 20 പേർ നിരീക്ഷണത്തിൽ, വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റിൽ

By Web TeamFirst Published Feb 2, 2020, 7:40 PM IST
Highlights

പെരിഞ്ഞനം ഇല്ലിക്കൽ വീട്ടിൽ ഷാജിത ജമാൽ, കൊടുങ്ങല്ലൂർ എസ് എൻ പുരം കുഴിക്കണ്ടത്തിൽ വീട്ടിൽ ഷംല എന്നിവരെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് തൃശ്ശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍: കൊറോണ വൈറസ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡില്‍ കഴിയുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരം. തൃശൂർ ജില്ലയിൽ 20 പേർ നിരീക്ഷണത്തിലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേർ കൂടി ഇന്ന് അറസ്റ്റിലായി. 

പെരിഞ്ഞനം ഇല്ലിക്കൽ വീട്ടിൽ ഷാജിത ജമാൽ, കൊടുങ്ങല്ലൂർ എസ് എൻ പുരം കുഴിക്കണ്ടത്തിൽ വീട്ടിൽ ഷംല എന്നിവരെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് തൃശ്ശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ വാർത്ത പ്രചരിപ്പിച്ച ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പോസിറ്റീവ് കേസിന്‍റെ രണ്ടാമത്തെ ഫലം കിട്ടിയിട്ടില്ല. മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമായി 22 പേർ ഐസലേഷനിൽ നിരീക്ഷണത്തിലാണ്. 30 സാമ്പിളുകൾ ആലപ്പുഴയിലേക്ക്‌ പരിശോധനക്കായി അയച്ചിട്ടുണ്ട്. 152 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലാണ്. 

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1999 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1924 പേര്‍ വീടുകളിലും 75 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സംശയാസ്പദമായവരുടെ 104 സാമ്പിളുകളും രണ്ട് പുനപരിശോധനാ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 36 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇതിനിടെ, ആലപ്പുഴ ജില്ലയില്‍ വുഹാനില്‍ നിന്ന് വന്ന ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊറോണ ബാധയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് സ്ഥിരീകരിച്ചു.

Also Read: ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിക്ക് കൊറോണ: കേരളത്തിലെ രണ്ടാമത്തെ കേസും സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

ചൈനയില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും പൊതു ഇടങ്ങളില്‍ ഇറങ്ങരുത്. ഇവരുടെ കുടുംബാംഗങ്ങളും വീട് വിട്ട് ഇറങ്ങരുത്. രോഗമുള്ളവരോ രോഗ സാധ്യതയുള്ളവരോ ആരോഗ്യ വകുപ്പിന്‍റെ മുൻകരുതൽ നടപടിയുമായി പൂര്‍ണ്ണമായി സഹകരിക്കണം. ആരും അതിൽ വീഴ്ച വരുത്തരുത്. ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ 14 ദിവസമാണ് ഇൻകുബേഷൻ സമയം. സംസ്ഥാനത്ത് 28 ദിവസം നിരീക്ഷണം തുടരും. സുരക്ഷയ്ക്ക് വേണ്ടിയാണ് നിരീക്ഷണം നീട്ടിയത്. 

click me!