ഏകകണ്ഠമായി കേരള നിയമസഭ, 'തിടുക്കപ്പെട്ട് കൊണ്ട് വരുന്നത് നിഷ്കളങ്കമായി കാണാന്‍ കഴിയില്ല'; എസ്ഐആറിനെതിരെ പ്രമേയം പാസാക്കി

Published : Sep 29, 2025, 12:35 PM IST
pinarayi vijayan

Synopsis

വോട്ടര്‍ പട്ടികയുടെ തീവ്ര പുനഃപരിശോധന ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ വളഞ്ഞ വഴിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്ക പ്രകടിപ്പിച്ചു. ഈ നീക്കത്തിൽ നിന്ന് പിന്മാറി സുതാര്യമായ നടപടി സ്വീകരിക്കണമെന്ന് നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്‍റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. വോട്ടര്‍പട്ടികയില്‍ നിന്നും യുക്തിരഹിതമായ ഒഴിവാക്കലാണ് ബിഹാറില്‍ നടന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും നിയമസഭ ഏകകണ്ഠേന അംഗീകരിച്ച പ്രമേയത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ബിഹാര്‍ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ല. ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്‍റെ നിഴലിലാക്കിയിരിക്കുന്നു.

തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരം

കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്. ഇതിനുമുമ്പ് 2002ലാണ് കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പുനഃപരിശോധന നടന്നത്. ഇപ്പോള്‍ പുനഃപരിശോധന നടത്തുന്നത് 2002 അടിസ്ഥാനമാക്കിയാണെന്നതും അശാസ്ത്രീയമാണ്.

1987-നു ശേഷം ജനിച്ചവര്‍ അവരുടെ പിതാവിന്‍റെയോ മാതാവിന്‍റെയോ പൗരത്വരേഖ കൂടി നല്‍കിയാലേ വോട്ടറാകു എന്ന എസ്ഐആറിലെ നിബന്ധന നമ്മുടെ പ്രായപൂര്‍ത്തി വോട്ടവകാശത്തെ ഹനിക്കുന്ന തിരുമാനമാണ്. 2003-നു ശേഷം ജനിച്ചവര്‍ പിതാവിന്‍റെയും മാതാവിന്‍റെയും പൗരത്വരേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വോട്ടറാവൂ എന്നും നിഷ്കര്‍ഷിക്കുന്നുണ്ട്. രേഖകളില്ലാത്തതിന്‍റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നത്, ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്‍റെ പൂര്‍ണമായ ലംഘനമാണ്.

സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളില്‍ ഉള്ളവരാണ് എസ്ഐആറിലെ ഇത്തരം നിബന്ധനകള്‍ മൂലം വോട്ടവകാശത്തില്‍ നിന്നും പുറത്താവുകയെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പഠനങ്ങള്‍ കാണിക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങള്‍, പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾ, സ്ത്രീകള്‍, ദരിദ്രകുടുംബങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ ബഹുഭൂരിപക്ഷവും ഉള്‍പ്പെടുക. വോട്ടര്‍ പട്ടികയിലുള്ള പ്രവാസി വോട്ടര്‍മാരുടെ വോട്ടവകാശം തുടര്‍ന്നും നിലനിര്‍ത്തേണ്ടതുണ്ട്.

പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു. പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയെ യു എ ലത്തീഫ് എംഎല്‍എ അഭിനന്ദിച്ചു. പ്രമേയം അംഗീകരിക്കുന്നുവെന്ന് എ ഷംസുദ്ദീൻ എംഎല്‍എയും സഭയിൽ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രവാസി മലയാളിയുടെ രണ്ട് വർഷത്തെ നിയമ പോരാട്ടം, 44 പവൻ സ്വർണ്ണവും ഒരു പിഴപോലുമില്ലാതെ തിരികെ നേടി, പക്ഷേ...
നിർണായക സഖ്യകക്ഷി എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേക്കേറുമോ, അല്ലെങ്കിൽ പിളർപ്പ്? ആർജെഡി നേതൃയോ​ഗം ഇന്ന്