ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യൂ... കേരളാ ബാങ്ക് കലണ്ടര്‍ നിങ്ങളോട് അതത് ദിവസത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കും

By Web TeamFirst Published Dec 3, 2022, 2:57 PM IST
Highlights

കലണ്ടറിന് മുകളിലുള്ള ക്യു ആര്‍ കോഡ് ഒന്ന് സ്കാന്‍ ചെയ്യുകയേ വേണ്ടൂ. കലണ്ടര്‍ നിങ്ങളോട് സംസാരിച്ച് തുടങ്ങും. 
 


പാലക്കാട്: ഇനി കണ്ടര്‍ സംസാരിക്കും. അതെ കലണ്ടര്‍ തന്നെ. കേരള ബാങ്കിന്‍റെ 2023 ലെ കണ്ടറാണ് നിങ്ങളോട് സംസാരിക്കുക. ഓരോ ദിവസത്തിലെയും പ്രധാന ദിവസങ്ങളെ കുറിച്ചുള്ള സന്ദേശമാണ് കലണ്ടറിലൂടെ കേള്‍ക്കുക. കലണ്ടറിന് മുകളിലുള്ള ക്യു ആര്‍ കോഡ് ഒന്ന് സ്കാന്‍ ചെയ്യുകയേ വേണ്ടൂ. കലണ്ടര്‍ നിങ്ങളോട് സംസാരിച്ച് തുടങ്ങും. 

ഇടതും വലതുമുണ്ട് വ്യത്യാസങ്ങള്‍.  ഇടത് ഭാഗത്തെ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ഓരോ ദിവസത്തെയും പ്രധാനപ്പെട്ട വിവരങ്ങള്‍ കലണ്ടര്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരും. ഇനി വലത് ഭാഗത്തെ ക്യു ആര്‍ കോഡ് ആണ് നിങ്ങള്‍ സ്കാന്‍ ചെയ്യുന്നതെങ്കില്‍ ബാങ്കിന്‍റെ വ്യത്യസ്ത വായ്പാ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ വിശദമായി തന്നെ കേള്‍ക്കാം. ഒന്നും രണ്ടും മാസമല്ല. ജനുവരി മുതല്‍ ഡിസംബര്‍ വരെ എല്ലാ പേജിലുമുണ്ട് ക്യൂആര്‍ കോഡുകള്‍. 

കേരളാ ബാങ്കിന്‍റെ ഓഫീസുമായി ബന്ധപ്പടേണ്ട വിവരങ്ങള്‍ ആദ്യ പേജിലുണ്ട്. കേരളാ ബാങ്കിന്‍റെ 769 ശാഖകളുടെയും ഫോണ്‍ നമ്പര്‍, ഐഎഫ്എസ് കോഡ്, ഇ-മെയില്‍ ഐഡി എന്നിവയും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ സാധാരണ മറ്റ് കലണ്ടറിലുള്ള എല്ലാ വിവരങ്ങളും ഈ സംസാരിക്കുന്ന കലണ്ടറില്‍ അടങ്ങിയിട്ടുണ്ട്. 'ജീവിതത്തിന്‍റെ താളം' എന്ന ആശയത്തില്‍ രൂപകല്‍പ്പന ചെയ്ത കലണ്ടറിന്‍റെ ഓരോ പേജും ആകര്‍ഷകമാണ്. സംസ്ഥാനത്തെ കലണ്ടര്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസാരിക്കുന്ന കലണ്ടര്‍ പുറത്തിറങ്ങുന്നത്. വിപണിയിലെത്തിയ കലണ്ടറിന് ആവശ്യക്കാരേറെയാണ്. 130 ജിഎം ആര്‍ട്ട് പേപ്പറിലാണ് കലണ്ടര്‍ അച്ചടിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

അതിനിടെ കേരളാ ബാങ്കിന് മറ്റൊരു സന്തോഷ വാര്‍ത്തകൂടി പങ്കുവയ്ക്കാനുണ്ട്. ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സംഘങ്ങളുടെ പട്ടികയിൽ ധനകാര്യ സേവന മേഖലയിലെ പ്രവർത്തനത്തിന് കേരള ബാങ്ക് ഏഷ്യയിൽ ഒന്നാംസ്ഥാനം നേടി. അന്തർദേശീയ സഹകരണസഖ്യവും യൂറോപ്യൻ സഹകരണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിൽ വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റർ റിപ്പോർട്ട് പ്രകാരമാണ് കേരളബാങ്ക് ഈ വലിയ നേട്ടം കൈവരിച്ചത്. 

click me!