എതിർപ്പുകളോട് 'കടക്ക് പുറത്തെ'ന്ന് പിണറായി സര്‍ക്കാര്‍; കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കാന്‍ തീരുമാനം

By Web TeamFirst Published Feb 12, 2020, 3:03 PM IST
Highlights

ആറ് രൂപയില്‍ താഴെ മാത്രമാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ നിര്‍മ്മാണ ചിലവ്. എട്ട് രൂപയ്ക്കാണ് ഇത് കമ്പനികള്‍ കടകളിലെത്തിക്കുന്നത്. ഇതിന് 12 രൂപയുടെ ലാഭമെടുത്താണ് വ്യാപാരികള്‍ വില്‍ക്കുന്നത്

തിരുവനന്തപുരം: വിവിധ കോണുകളിൽ നിന്ന് ഉയർന്ന എതിർപ്പ് മറികടന്ന് കുപ്പിവെള്ളത്തിന്റെ വില സംസ്ഥാന സർക്കാർ കുറച്ചു. കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഭക്ഷ്യവകുപ്പിന്റെ ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു.

വിജ്‍ഞാപനം ഉടൻ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവിൽ വരുമെന്നു മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ആറ് രൂപയില്‍ താഴെ മാത്രമാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ നിര്‍മ്മാണ ചിലവ്. എട്ട് രൂപയ്ക്കാണ് ഇത് കമ്പനികള്‍ കടകളിലെത്തിക്കുന്നത്. ഇതിന് 12 രൂപയുടെ ലാഭമെടുത്താണ് വ്യാപാരികള്‍ വില്‍ക്കുന്നത്.

പുതുക്കിയ വിലയ്ക്ക് പുറമെ, ബിഐഎസ് നിർദേശിക്കുന്ന ഗുണനിലവാരം നിർബന്ധമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ അനധികൃത കമ്പനികൾ പൂട്ടിപ്പോകുമെന്ന് കരുതുന്നു. 2018 മെയ് 10 നാണ് വിവിധ കുപ്പിവെള്ള കമ്പനികൾ മന്ത്രി പി തിലോത്തമനുമായി നടത്തിയ യോഗത്തിൽ വെള്ളത്തിന്റെ വില കുറയ്ക്കാൻ തീരുമാനിച്ചത്. ലിറ്ററിന് 12 രൂപ നിരക്കിൽ വിൽക്കാനായിരുന്നു തീരുമാനം. എന്നാൽ വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് ഇത് നടപ്പിലായിരുന്നില്ല. ചില വെള്ളക്കമ്പനികളും എതിർപ്പുമായി രംഗത്ത് വന്നിരുന്നു.

കുപ്പിവെള്ളത്തിന് 12 രൂപ ഈടാക്കി വില്‍ക്കുമെന്ന് നിര്‍മ്മാതാക്കൾ തീരുമാനിച്ചിരുന്നെങ്കിലും ഇത് നടപ്പാക്കപ്പെട്ടിരുന്നില്ല. കുപ്പിവെള്ളം വില കുറച്ച് വില്‍ക്കാന്‍ കഴിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കം നിലപാടെടുത്തിരുന്നു. 20 രൂപയാണ് ഇപ്പോൾ പൊതുവിപണിയിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില.

click me!