
തിരുവനന്തപുരം: ബജറ്റിലെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും.നിയമസഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ചോദ്യോത്തരവേള മുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് നടത്തുന്ന മാർച്ച് സംഘർഷത്തിൽ കലാശിക്കാനുള്ള സാധ്യതയുമുണ്ട്.
തുടർ സമരപരിപാടികൾ തീരുമാനിക്കാൻ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിൻറെ മുറിയിൽ യുഡിഎഫ് യോഗം ചേരും. ജനരോഷം കണക്കിലെടുത്ത് പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനാണ് സർക്കാർ നീക്കം. ബുധനാഴ്ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. അതിനിടെ സാമൂഹ്യക്ഷേമ പെൻഷൻ 100 രൂപ കൂടി കൂട്ടിയും പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായവും എൽഡിഎഫിൽ ഉയരുന്നുണ്ട്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ധനവകുപ്പിന് ഇതിനോട് യോജിപ്പില്ല.
അതേസമയം, കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു. ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു.രാധാകൃഷ്ണന്‍ പറഞ്ഞു.
ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി യു രാധാകൃഷ്ണന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam