
പത്തനംതിട്ട: സംസ്ഥാന ബജറ്റുകളിൽ ശബരിമല മാസ്റ്റർ പ്ലാനിന് കോടികൾ അനുവദിക്കുന്നുണ്ടെങ്കിലും പദ്ധതിയുടെ വിശദ രൂപരേഖ ഇതുവരെ തയ്യാറായിട്ടില്ല. ഭൂമിയെ ചൊല്ലി വനം വകുപ്പുമായുള്ള തർക്കങ്ങൾ കഴിഞ്ഞിട്ടും രൂപരേഖ തയ്യാറാക്കുന്നത് ഇഴഞ്ഞു നീങ്ങുകയാണ്. ഓരോ തവണയും പുതിയ പദ്ധതികൾ കൂട്ടിചേർക്കുന്നത് കൊണ്ടാണ് വൈകുന്നതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.
ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കും പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിനും നിർവഹണത്തിനുമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് സുപ്രീംകോടതിയാണ് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമല ഉന്നതാധികാരി സമിതിയുടെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ട് പതിനാല് കൊല്ലം കഴിയുന്നു. വിശദമായ രൂപ രേഖ തയ്യാറാക്കാത്തത് മൂലം മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്ന തടസപ്പെട്ടിരിക്കുകയാണ്. ഇത്തവണ ബജറ്റിൽ അനുവദിച്ച 30 കോടി രൂപയും ഉപയോഗിക്കണമെങ്കിലും രൂപ രേഖ തയ്യാറാക്കണം. രൂപ രേഖയിൽ ഉൾപ്പെടാത്ത പദ്ധതികൾ അംഗീകാരം നൽകാൻ ഉന്നതാധികാര സമിതിക്കും കഴിയില്ല.
Also Read : ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി, ലൈഫ് മിഷൻ 1436.26 കോടി, ബജറ്റ് പ്രഖ്യാപനം
ദേവസ്വം ബോർഡും വനം വകുപ്പും തമ്മിലുള്ള അതിർത്തി തർക്കമായിരുന്നു ഇക്കാലമത്രെയും മാസ്റ്റർ പ്ലാൻ നടപ്പിലാക്കാനുണ്ടായിരുവന്ന തടസം. എന്നാൽ ഹൈക്കോടതി ഇടപെട്ട് അഭിഭാഷക കമ്മീഷനെ നിയോഗിച്ച് സന്നിധാനത്തെ തൊണ്ണൂറ്റിയഞ്ചര ഹെക്ടർ ഭൂമി അളന്ന് തിരിച്ച് ജണ്ട സ്ഥാപിച്ചതോടെ ഈ തടസം നീങ്ങി. ആദ്യം ഒരു സ്വകാര്യ ഏജൻസിയെ ആണ് രൂപ രേഖ തയ്യാറാക്കാൻ ഏൽപ്പിച്ചത്. പിന്നീട് തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിനെ ചുമതലപ്പെടുത്തി. വിശദ രൂപ രേഖ തയ്യാറാകത്തത് കാരണമാണ് കേന്ദ്ര തീർത്ഥാടന ടൂറിസം പദ്ധതിയിൽ അനുവദിച്ച 100 കോടി രൂപയിൽ 80 കോടിയും നഷ്ടപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam