അതിഥി തൊഴിലാളികളുമായി പോയ ബസുകൾ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നു

By Web TeamFirst Published May 9, 2021, 7:44 AM IST
Highlights

എറണാകുളത്ത് നിന്ന് മാത്രം നൂറിലേറെ ബസ്സുകളാണ് ഇത്തരത്തിൽ ഇതര സംസ്ഥാനങ്ങളിലേക്ക് പോയത്. തെരഞ്ഞെടുപ്പ് കാലത്ത് ഇത് നൂറ്റമ്പത് വരെയായി.

കൊച്ചി: കേരളത്തിൽ കൊവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്ന് അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് കൊണ്ടുപോയ ബസുകൾ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. അഞ്ഞൂറിലേറെ ടൂറിസ്റ്റ് ബസുകളാണ് കേരളത്തിലേക്ക് മടങ്ങാനാകാതെ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. 

എറണാകുളത്ത് നിന്ന് മാത്രം നൂറിലേറെ ബസ്സുകളാണ് ഇത്തരത്തിൽ ഇതര സംസ്ഥാനങ്ങളിലേക്ക് പോയത്. തെരഞ്ഞെടുപ്പ് കാലത്ത് ഇത് നൂറ്റമ്പത് വരെയായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊഴിലാളികളുമായി മടങ്ങാമെന്നായിരുന്നു ഏജന്റുമാരുടെ ഉറപ്പ്. എന്നാൽ കേരളത്തിൽ കൊവിഡ് സാഹചര്യം രൂക്ഷമായതോടെ നാട്ടിലേക്ക് പോയ തൊഴിലാളികൾ മടങ്ങി വരാൻ മടിച്ചു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഉടനടി വരുന്നില്ലെന്നും ഉറപ്പിച്ചു. മടക്കയാത്രയ്ക്ക് ആളില്ലാതെ അസമിലും ബംഗാളിലും കുടുങ്ങിയ ബസുകളെ ഏജന്റുമാരും കൈവിട്ടു. ഇതോടെ പലരും രണ്ട് മാസത്തിലേറെയായി ബസുകൾ കുടുങ്ങിക്കിടക്കുകയാണ്. 

ബസ് ഉടമകളും ഏജന്റുമാരും തമ്മിൽ കൃത്യമായ ധാരണാപത്രം തയ്യാറാക്കിയിട്ടല്ല പലപ്പോഴും ഇത്തരം യാത്രകൾ പുറപ്പെടുന്നതെന്നുള്ളതാണ് പൊലീസിനെ വലയ്ക്കുന്നത്. ഭക്ഷണത്തിന് പോലും വകയില്ലാത്ത മറ്റ് സംസ്ഥാനങ്ങളിൽ പെട്ടുകിടക്കുന്ന ബസ് ജീവനക്കാരെ നാട്ടിലെത്തിക്കാർ അടിയന്തര നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. 

click me!