
തിരുവനന്തപുരം: കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി പോര്‍ട്ട്‌സ്, ഹെലി സ്റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ ഉണർവുണ്ടാകുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. കൂടുതല്‍ സംരംഭകര്‍ ഹെലി ടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിനും സഹായകരമാകും.
ഇതിന് പുറമെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് മറ്റ് തീരുമാനങ്ങളും സർക്കാർ എടുത്തു. ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ വിവിധ ജില്ലകളിലായി 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 തസ്തികകള്‍ സൃഷ്ടിക്കും. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു കീഴിലെ കോന്നി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 അധിക തസ്തികകള്‍ സൃഷ്ടിക്കും. ഏരിയാ ഇന്‍സെന്റീവ് പ്രോഗ്രാം പ്രകാരം ആരംഭിച്ച വയനാട്, പനമരം, ക്രസന്റ് പബ്ലിക്ക് സ്‌കൂളില്‍ രണ്ട് എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികകള്‍ സൃഷ്ടിക്കും. ഷൗക്കത്ത്, ഷാനിജ എന്നിവര്‍ക്ക് 17.02.2017 മുതല്‍ നിയമന അംഗീകാരം നല്‍കും.
കേരള നഗര നയ കമ്മീഷന്റെ കാലാവധി 2025 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കും. സംസ്ഥാനത്തെ ദാരിദ്ര്യ ലഘൂകരണ വിഭാഗങ്ങളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 5 കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തും. കോടതി നിർദേശ പ്രകാരമാണിത്.
സ്മാര്‍ട്ട്‌സിറ്റി കൊച്ചി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ സമിതിയുടെ ശിപാര്‍ശ അംഗീകരിച്ചു. ടീകോമുമായി ചര്‍ച്ചകള്‍ നടത്തി പരസ്പര ധാരണയോടെ പിന്മാറ്റനയം രൂപകല്‍പ്പന ചെയ്യും. ടീകോമിനു നല്‍കേണ്ട നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് സ്വതന്ത്ര ഉദ്യോഗസ്ഥനെ നിയോഗിക്കും. ഇതുസംബന്ധിച്ച ശിപാര്‍ശ സര്‍ക്കാരില്‍ സമര്‍പ്പിക്കുന്നതിന് ഐ.ടി.മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ, ഒ.കെ.ഐ.എച്ച് (ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ്) എം.ഡി ഡോ. ബാജൂ ജോര്‍ജ്ജ് എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വിതരണം ചെയ്ത തുകയുടെ വിവരങ്ങളും പുറത്തുവിട്ടു. 2024 നവംബർ 27 മുതൽ ഡിസംബർ 2 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 4,70,34,150 രൂപയാണ് വിതരണം ചെയ്തത്. 1301 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.
ജില്ലതിരിച്ചുള്ള വിവരങ്ങൾ,
തിരുവനന്തപുരം 26 പേർക്ക് 7,09,000 രൂപ
കൊല്ലം 167 പേർക്ക് 47,30,000 രൂപ
പത്തനംതിട്ട 12 പേർക്ക് 2,67,000 രൂപ
ആലപ്പുഴ 14 പേർക്ക് 6,35,000 രൂപ
കോട്ടയം 4 പേർക്ക് 3,93,000 രൂപ
ഇടുക്കി 11 പേർക്ക് 2,04,000 രൂപ
എറണാകുളം 19 പേർക്ക് 9,66,000 രൂപ
തൃശ്ശൂർ 302 പേർക്ക് 1,04,29,450 രൂപ
പാലക്കാട് 271 പേർക്ക് 1,06,94,600 രൂപ
മലപ്പുറം 102 പേർക്ക് 48,13,000 രൂപ
കോഴിക്കോട് 296 പേർക്ക് 92,78,000 രൂപ
വയനാട് 50 പേർക്ക് 28,49,100 രൂപ
കണ്ണൂർ 23 പേർക്ക് 9,69,000 രൂപ
കാസർകോട് 4 പേർക്ക് 97,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam