ബഫർ സോൺ: 2019 ലെ ഉത്തരവ് തിരുത്തി മന്ത്രിസഭ 

By Web TeamFirst Published Jul 27, 2022, 11:33 AM IST
Highlights

ബഫർ സോണിൽ സുപ്രീം കോടതിയിൽ തുടർ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപെടുത്തി. 
 

തിരുവനന്തപുരം : 2019 ലെ ബഫർ സോൺ ഉത്തരവ് തിരുത്താൻ കേരളാ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഒരു കിലോ മീറ്റർ വരെ ബഫർ സോൺ എന്ന 2019 ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.  ബഫർ സോണിൽ സുപ്രീം കോടതിയിൽ തുടർ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ മന്ത്രി സഭ ചുമതലപെടുത്തി. വനങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റർ വരെയുള്ള ജനവാസ കേന്ദ്രങ്ങൾ ബഫർ സോണില്‍ ഉള്‍പ്പെടും എന്നായിരുന്നു 2019 ലെ ഉത്തരവ്. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയർന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്. 

സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കിലോമീറ്റർ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ നടപ്പാക്കുക എന്നതാണ് കേരളത്തിന്‍റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ വിധി നടപ്പാക്കുന്നതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം.

ഇതിനായി തുറന്ന കോടതിയിൽ തന്നെ ഹർജി എത്തുന്ന തരത്തിൽ നീങ്ങാനായിരുന്നു തീരുമാനം. നിലവിൽ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷൻ പെറ്റീഷനാണ് കേരളം നൽകാൻ ഉദ്ദേശിച്ചത്. കോടതി നിലപാട് എതിരായാൽ നിയമനിർമ്മാണ് സാധ്യതകളും പരിശോധിക്കാനായിരുന്നു നീക്കം. എന്നാൽ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഉടൻ ഹർജി ഫയൽ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് കേരളം. 

read more ഇ ഡി യെ കൂട്ടിലടക്കില്ല, അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി,ഹര്‍ജികള്‍ തള്ളി
 

click me!