കുസാറ്റിൽ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം ധനസഹായം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

Published : Jan 10, 2024, 06:15 PM IST
കുസാറ്റിൽ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം ധനസഹായം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

Synopsis

ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിൽ 28 സയന്‍റിഫിക് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചു

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 25 മുതൽ വിളിച്ചുചേര്‍ക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുസാറ്റിൽ നവംബര്‍ 25 ന് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സഹായം നൽകാനും ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്ത് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരും  അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്ത് ഗവർണ്ണറോടൊപ്പം മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും. കൊല്ലത്ത്  കെബി ഗണേഷ്‌ കുമാർ, പത്തനംതിട്ടയിൽ വീണാ ജോര്‍ജ്ജ്, ആലപ്പുഴ പി പ്രസാദ്, കോട്ടയത്ത് വിഎൻ വാസവൻ, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, എറണാകുളത്ത് കെ രാജൻ, തൃശ്ശൂരിൽ കെ രാധാകൃഷ്ണൻ, പാലക്കാട് കെ കൃഷ്ണൻകുട്ടി, മലപ്പുറത്ത് ജിആര്‍ അനിൽ, കോഴിക്കോട് പിഎ മുഹമ്മദ് റിയാസ്, വയനാട് എകെ ശശീന്ദ്രൻ, കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി, കാസര്‍കോട് വി അബ്ദുറഹ്മാൻ എന്നിവര്‍ അഭിവാദ്യം സ്വീകരിക്കും.

സംസ്ഥാന  ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും സമയബന്ധിതമായി ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനുമായി 28 സയന്‍റിഫിക് ഓഫീസര്‍ തസ്തികകള്‍(ബയോളജി - 12, ഡോക്കുമെന്‍സ് - 10, കെസ്മിട്രി -  6) എന്നിങ്ങനെ തസ്തികകള്‍ സൃഷ്ടിച്ചു. ലോക ബാങ്ക് ധനസഹായത്തോടെ കേരള കാര്‍ഷിക കാലാവസ്ഥാ പ്രതിരോധ മൂല്യവര്‍ദ്ധിത ശൃംഖല നവീകരണ പദ്ധതി (KERA) നടപ്പാക്കാന്‍ അനുമതി നല്‍കി. 285 ദശലക്ഷം യു എസ് ഡോളറാണ് മൊത്തം പദ്ധതി അടങ്കല്‍. 709.65 കോടി രൂപ സംസ്ഥാന വിഹിതവും 1655.85 കോടി രൂപ ലോക ബാങ്ക് വിഹിതവുമാണ്. ചെറുകിട കര്‍ഷകര്‍ക്കും കാര്‍ഷികാധിഷ്ഠിത എംഎസ്എംഇകള്‍ക്കും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികള്‍ അവലംബിച്ച്  കൃഷിയിലും അനുബന്ധ മേഖലയിലും  നിക്ഷേപം നടത്താന്‍ സഹായിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2024-25 മുതല്‍ 2028-29 വരെ സാമ്പത്തിക വര്‍ഷങ്ങളിലേക്ക് ആവശ്യമായ തുക സംസ്ഥാന പദ്ധതി വിഹിതത്തില്‍ വകയിരുത്തിയാണ്  709.65 കോടി രൂപ സംസ്ഥാന വിഹിതമായി അനുവദിക്കുന്നത്. 

എയ്റോസ്പെയ്സ് കണ്‍ട്രോള്‍ സിസ്റ്റംസ് സെന്‍ററിന് സ്ഥലം ലഭ്യമാക്കാന്‍ തുക അനുവദിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് ഐ ടി കോറിഡോര്‍ / സാറ്റലൈറ്റ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന്  കിഫ്ബിയില്‍ നിന്ന് നീക്കിവെച്ച 1000 കോടി രൂപയില്‍ നിന്ന് തുക അനുവദിക്കും. വേളി/ തുമ്പയില്‍ വി എസ് സിക്ക് അടുത്തുള്ള 60 ഏക്കര്‍ സ്ഥലം ലഭ്യമാക്കും.  സംസ്ഥാനത്ത് നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്‍ നടപ്പാക്കുന്ന ഇ - ഗവേര്‍ണന്‍സ് സേവനം പൈലറ്റ് അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ചു. ഇതിനായി സംസ്ഥാന എക്സിക്യൂട്ടീവ്, ഇംപ്ലിമെന്‍റേഷന്‍ കമ്മിറ്റികള്‍ക്കും, സ്റ്റേറ്റ് പ്രൊജക്ട് മാനേജ്മെന്‍റ് യൂണിറ്റിനും അംഗീകാരം നല്‍കി. 

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിന് ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ 2016 ജനുവരി ഒന്ന് പ്രാബല്യത്തില്‍ പരിഷ്കരിച്ച നടപടി സാധൂകരിച്ചു. ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി റിട്ട. ഐ എ എസ് ഉദ്യോഗസ്ഥന്‍ യു വി ജോസിനെ നിയമിക്കും. ധ്യാന്‍ ചന്ദ് പുരസ്ക്കാരം നേടിയ ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി കെസി ലേഖയ്ക്ക് രണ്ട് അഡ്വാന്‍സ് ഇന്‍ക്രിമെന്‍റുകള്‍ അനുവദിച്ചു. 

പത്തനംതിട്ട അടൂര്‍ ഏറത്ത് വില്ലേജില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി നെടുംകുന്നുമല ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് കമ്പോള വിലയുടെ രണ്ട് ശതമാനം തുക വാര്‍ഷിക പാട്ടം ഈടാക്കി പത്തനംതിട്ട ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം ചെറുവക്കല്‍ വില്ലേജില്‍ ഒരേക്കര്‍ ഭൂമി കേരള സംസ്ഥാന റിമോര്‍ട്ട് സെന്‍സിങ്ങ് ആന്‍റ് എന്‍വയോണ്‍മെന്‍റ് സെന്‍ററിന് കെട്ടിടവും ക്യാംപസും നിര്‍മ്മിക്കുന്നതിന് പാട്ടത്തിന് അനുവദിക്കാന്‍ തീരുമാനിച്ചു. കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പ്പറേഷന് 200 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കാന്‍ തീരുമാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

Malayalam News Live: രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ്: ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ
Kerala Local Body Election 2025 LIVE: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി