തീരുമാനം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ; കിംസ് ആശുപത്രിക്ക് ഭൂപരിധിയിൽ ഇളവ്; ഡിആർഡിഒയ്ക്ക് രണ്ടര കോടി രൂപക്ക് ഭൂമി നൽകും

Published : Oct 22, 2025, 06:46 PM IST
Kerala Cabinet Meeting

Synopsis

ഡിആർഡിഒയ്ക്ക് തിരുവനന്തപുരത്ത് ഭൂമി പതിച്ചുനൽകാനും എൻഡോസൾഫാൻ ദുരിതബാധിതർക്ക് ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ആലപ്പുഴയിലെ അതിദരിദ്ര കുടുംബങ്ങൾക്ക് 50 ഫ്ലാറ്റുകൾ അനുവദിക്കും

തിരുവനന്തപുരം: ഡിഫൻസ് റിസേർച്ച് & ഡവലപ്പ്മെന്റ് ഓർ​ഗനൈസേഷൻ / നേവൽ ഫിസിക്കൽ & ഓഷ്യനോ​ഗ്രാഫിക് ലബോറട്ടറിക്ക് ഭൂമി പതിച്ച് നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഡിആർഡിഒ പ്രൊജക്ട് ഡയറക്ടര്‍ ആവശ്യപ്പെട്ട പ്രകാരമാണ് തീരുമാനം. തിരുവനന്തപുരം പൂവാർ വില്ലേജിലും സമുദ്രതീര പുറമ്പോക്കിലും ഉൾപ്പെട്ട 2.7 ഏക്കർ ഭൂമിയാണ് പതിച്ചുനൽകുന്നത്. ഇതിന് ന്യായവിലയായ 2,50,14,449 രൂപ ഈടാക്കുമെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ഇതോടൊപ്പം തിരുവനന്തപുരം ആനയറയിലെ കിംസ് ആശുപത്രിക്ക് പതിച്ചുനൽകിയ ഭൂമിയുമായി ബന്ധപ്പെട്ട് ഭൂപരിധിയിൽ ഇളവ് നൽകാനും സർക്കാർ തീരുമാനിച്ചു. കിംസ് ഹെൽത്ത് കെയർ മാനേജ്മെൻ്റ് ലിമിറ്റഡിൻ്റെ കൈവശമുളള 6.48.760 ഹെക്ടർ ഭൂമിയിൽ, ഭൂപരിധിയിൽ അധികമുള്ള കടകംപള്ളി വില്ലേജിലെ 1.14.34 ഏക്കർ ഭൂമിക്ക് കേരള ഭൂപരിഷ്ക്കരണ നിയമ പ്രകാരം വ്യവസ്ഥകൾക്ക് വിധേയമായി ഭൂപരിധിയിൽ ഇളവ് അനുവദിക്കാനാണ് തീരുമാനം.

എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് ധനസഹായം

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കൽ പരിശോധനയുടെയും ഫില്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തിൽ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരിൽ അർഹതപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കും. ഇതിനുള്ള അനുമതി ജില്ലാ കളക്‌ടർക്ക് നൽകി.

അതിദരിദ്ര കുടുംബങ്ങൾക്ക് 50 ഫ്ലാറ്റുകൾ

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവനരഹിത പട്ടികയിൽപ്പെട്ട ആലപ്പുഴ ജില്ലയിലെ 50 അതിദരിദ്ര കുടുംബങ്ങൾക്ക് ഫ്ലാറ്റ് അനുവദിക്കും. 'പുനർഗേഹം' പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പുറക്കാട് മണ്ണുംപുറത്ത് നിർമ്മാണം പൂർത്തീകരിച്ചുവരുന്ന ഫിഷറീസ് വകുപ്പിൻ്റെ ഫ്ലാറ്റ് സമുച്ചയത്തിലെ 50 ഫ്ലാറ്റുകളാണ് നല്‍കുക. പുനർഗേഹം പദ്ധതി പ്രകാരം നിര്‍മ്മിച്ചതില്‍ അധികമുള്ള 50 ഫ്ലാറ്റുകളാണ് നല്‍കുന്നത്.

ശമ്പള പരിഷ്ക്കരണം

കേരള സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജീവനക്കാർക്ക് പതിനൊന്നാമത് ശമ്പള പരിഷ്ക്കരണം 01.07.2019 പ്രാബല്യത്തിൽ നടപ്പിലാക്കും. പത്താം ശമ്പള പരിഷ്കരണ ഉത്തരവിന്റെ ഫലമായി ഉണ്ടായ അനോമലി പരിഹരിച്ച് റേഷ്യോ പ്രൊമോഷൻ അനുവദിക്കും. ശമ്പള പരിഷ്കരണത്തിലെ EPF എംപ്ലോയർ വിഹിതം അടവാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുന്നതിനും അനുമതി നൽകി.

എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയിലെയും കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വ്യവസ്ഥകളോടെ പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കും.

കിഫ്ബി ഫണ്ടിംഗിന് പരിഗണിക്കും

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 26,58,53,104 രൂപയുടെ പ്രൊപ്പോസൽ കിഫ്ബി ഫണ്ടിംഗിന് പരിഗണിക്കുന്നതിനു അനുമതി നൽകി.

ഭേദഗതി

ഹൈക്കോടതി ജഡ്ജിമാരുടെ ക്യാമ്പ് ഓഫീസ് ഇനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും സര്‍വ്വീസിനും മാറ്റിസ്ഥാപിക്കുന്നതിനുമുള്ള തുക പ്രതിപൂരണം ചെയ്യുന്നതിന് 01.09.2024-ലെ പൊതുഭരണ വകുപ്പ് ഉത്തരവില്‍ ഭേദഗതി വരുത്തും.

കാലാവധി ദീർഘിപ്പിച്ചു

കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ അനൂപ് അംബികയുടെ കരാർ നിയമന കാലാവധി 11/07/2025 മുതൽ 1 വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകി.

സാധൂകരിച്ചു

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ രജിസ്ട്രാറായി പുനർ നിയമന വ്യവസ്ഥയിൽ നിയമിതനായ എസ്.വി. ഉണ്ണികൃഷ്ണൻ നായരുടെ പുനർ നിയമന കാലാവധി 10/07/2025 മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച നടപടി സാധൂകരിച്ചു.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു