
തൃശൂർ: സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റേയും വിഷു ആഘോഷത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. നാടെങ്ങും മഞ്ഞയണിഞ്ഞ് കൊന്നപ്പൂക്കള്‍. ഐശ്വര്യം വിളിച്ചോതി സമൃദ്ധമായ വിളവെടുപ്പ്. സമ്പല്‍ സമൃദ്ധമായ പ്രകൃതിയുടെ കൊച്ചു രൂപമായി വിഷുക്കണിയൊരുക്കി ആഘോഷിക്കുകയാണ് കേരളം. പൊള്ളുന്ന ചൂടിലും കണിക്കൊന്നകള്‍ പൂത്തുലയുന്ന വിഷുക്കാലം മലയാളിക്ക് കാര്‍ഷിക സംസ്കാരത്തിന്‍റെ ഓര്‍മ്മ കൂടിയാണ്.
ശ്രീകൃഷണ രൂപത്തിന് മുന്നില്‍ തേച്ചു മിനുക്കിയ ഓട്ടുരുളിയില്‍ കണിവെള്ളരി, ഒപ്പം മറ്റ് പഴങ്ങളും കണിക്കൊന്നയും. പിന്നെ, സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍, വാല്‍ക്കണ്ണാടി ഒരു വർഷത്തേക്കുള്ള സമൃദ്ധി ഒന്നാകെ ഒറ്റക്കാഴ്ചയിലൊരുക്കി മനസ് നിറച്ച ഓരോ വീട്ടിലും കണിയൊരുങ്ങി.
കണിവെള്ളരി മഹാവിഷ്ണുവിന്‍റെ മുഖവും കൊന്നപ്പൂ കിരീടവും വാല്‍ക്കണ്ണാടി മനസുമാണെന്നാണ് സങ്കല്‍പ്പം. പുലര്‍ച്ചെ കണി കണ്ട് കുടുംബത്തിലെ കാരണവന്‍മാരില്‍ നിന്ന് കൈനീട്ടം വാങ്ങാൻ കുട്ടികൾ കാത്തു നിൽക്കും. കണികണ്ട് കൈനീട്ടം വാങ്ങുന്നതോടെ തീരുന്നതല്ല ആഘോഷം.
പടക്കങ്ങളുടെ വര്‍ണ്ണ വിസ്മയമവും വിഷുവിന് നിര്‍ബന്ധം. തലേന്നാള്‍ തന്നെ തുടങ്ങുന്നതാണിത്. വിഭവ സമൃദ്ധമായ ഭക്ഷണമാണ് വിഷുദിനത്തിന്‍റെ മറ്റൊരു പ്രത്യേകത. ഭൂരിഭാഗം പേരും സസ്യാഹാരത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ ചിലയിടത്ത് മാംസ വിഭവങ്ങളും തൂശനിയിലെത്തും. ഇത്തവണ കടുത്ത വേനല്‍ ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിന്‍റെ കൂടി നിറച്ചാര്‍ത്തിലാണ് വിഷുവെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam