
കോട്ടയം: കൊവിഡ് രോഗബാധ സ്ഥിരീകരിച്ചപ്പോൾ ഉണ്ടായിരുന്നത് മരണഭയമായിരുന്നുവെന്ന് രോഗം ഭേദമായ ചെങ്ങളത്തെ യുവ ദമ്പതികൾ ഏഷ്യാനെറ്റ് ന്യൂസിനോട്. തുടക്കത്തിൽ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും എന്നാൽ ആരോഗ്യവകുപ്പിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്നും ഇരുവരും പറഞ്ഞു.
"വളരെയധികം സന്തോഷമുണ്ട് ഇപ്പോൾ. തുടക്കത്തിൽ വളരെയധികം ബുദ്ധിമുട്ടായിരുന്നു. ജീവിതത്തിലേക്ക് തിരിച്ച് വരാൻ സാധിക്കുമോയെന്ന് പേടിയുണ്ടായിരുന്നു. മരണഭയമായിരുന്നു. അതിന് കാരണം ആദ്യം കേട്ട മരണത്തിന്റെ കണക്കുകളായിരുന്നു. എന്നാൽ എല്ലാവരുടെ ഭാഗത്ത് നിന്നും ആത്മധൈര്യം കിട്ടി."
"എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിക്കണം. കേരളത്തിന് ഈ രോഗത്തെ പ്രതിരോധിക്കാനാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ ആശുപത്രികളെ കുറിച്ച് മുൻപുണ്ടായിരുന്ന ധാരണ തീർത്തും മാറി. കോട്ടയം മെഡിക്കൽ കോളേജിൽ ഏറ്റവും മികച്ച ചികിത്സ ലഭിച്ചു. അവിടെയുണ്ടായിരുന്നവർ മാനസികമായ പിന്തുണ നല്ല രീതിയിൽ തന്നു. പല പല വകുപ്പുകളിൽ നിന്നായി പേരറിയാത്ത പലരും ഇപ്പോഴും വിളിച്ച് മാനസികമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് ചോദിക്കുന്നു."
"രോഗം സ്ഥിരീകരിച്ച സമയത്ത് ഞങ്ങൾക്കും കുടുംബത്തിനുമെതിരെ ഉയർന്ന വിമർശനങ്ങളെല്ലാം തുടക്കം മുതലേ അറിഞ്ഞിരുന്നു. വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും പ്രചരിച്ച കാര്യങ്ങൾ അറിഞ്ഞിരുന്നു. ഞങ്ങളുടെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണത്. ആളുകൾക്ക് എല്ലാം കാര്യങ്ങൾ മനസിലായിട്ടുണ്ട് എന്ന് മനസിലാകുന്നു. ഇനി കുറച്ചുനാൾ നാട്ടിൽ തന്നെയുണ്ടാകും. മാതാപിതാക്കൾക്കൊപ്പം കഴിയാനാണ് തീരുമാനം."
പരിശോധന ഫലത്തിൽ രോഗം ഭേദമായെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരെയും നേരത്തെ വീട്ടിലേക്ക് പറഞ്ഞു വിട്ടത്. ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ മകനും മരുമകളുമാണ് ഇവർ. ചെങ്ങളം സ്വദേശികളായ ഇവര്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. വീട്ടിലേക്ക് പറഞ്ഞ് വിട്ട ഇരുവരും കുറച്ച് നാൾ കൂടി നിരീക്ഷണത്തിൽ കഴിയും.
അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബമാണ് ഇറ്റയിൽ നിന്ന് റാന്നിലേക്ക് വന്നതും രോഗം സ്ഥിരീകരിച്ചതും. ഇവരുടെ പ്രായമായ അച്ഛനും അമ്മയും ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ കൂട്ടാൻ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോയ മകനും മരുമകൾക്കുമാണ് ദിവസങ്ങൾക്ക് ശേഷം രോഗ ബാധ സ്ഥിരികരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam