കോൺഗ്രസ് മുഖ്യമന്ത്രിപ്പോര്; മൂന്നിലാര് മുന്നിൽ? തലയെണ്ണലിൽ കെസി പക്ഷം കൂടുതൽ, ഘടക കക്ഷികള്‍ വാദിച്ചത് സതീശനായി; അവസാനിക്കാതെ ഫ്ലക്സ് യുദ്ധം

Published : May 08, 2026, 09:14 AM IST
congress flex war

Synopsis

മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചയിൽ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ തങ്ങള്‍ക്കെന്ന് കെസി വേണുഗോപാൽ പക്ഷം. എന്നാൽ, ഘടകകക്ഷികളുടെ പിന്തുണയും തെരുവിലെ പ്രകടനങ്ങളുമായി വിഡി സതീശൻ പക്ഷവും ശക്തമായി രംഗത്തുണ്ട്. എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കുന്നതോടെ അന്തിമ തീരുമാനം ദില്ലിയിൽ നിന്ന്.

തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രിപ്പോരിൽ വലിയ ആത്മ വിശ്വാസത്തിൽ കെസി പക്ഷം. ഹൈക്കമാൻഡ് നിരീക്ഷകർക്ക് മുന്നിൽ 63 എംഎൽഎമാരിൽ 47 പേർ കെസി വേണുഗോപാലിന്റെ പേര് പറഞ്ഞെന്നാണ് കെസി പക്ഷത്തിന്‍റെ അവകാശവാദം. മറുപക്ഷങ്ങളിലെ ചിലരെങ്കിലും കൂറുമാറി എന്നും കെസി പക്ഷം വിശ്വസിക്കുന്നു. എന്നാൽ, 20ലേറെ പേരുടെ പിന്തുണ ഉണ്ടായെന്നാണ് വിഡി, ചെന്നിത്തല പക്ഷങ്ങൾ വിശ്വസിക്കുന്നത്. ഘടകകക്ഷികൾ ശക്തമായി വാദിച്ചത് വിഡി സതീശന് വേണ്ടിയാണ്. എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. രാഹുൽഗാന്ധിയും മല്ലികാർജുൻ ഖര്‍ഗെയുമായി നിരീക്ഷകർ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും.

കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ വലിയ ആത്മവിശ്വാസത്തിലാണ് കെസി പക്ഷമെങ്കിലും ഹൈക്കമാന്റ് ഭാഗമായ നേതാവിന് പിന്തുണ കൂടുന്നത് സ്വാഭാവികം എന്നാണ് വിഡി പക്ഷം പറയുന്നത്. ബഹുഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ എങ്ങനെ അവഗണിക്കുമെന്നാണ് കെസി പക്ഷത്തിന്റെ ചോദ്യം. വിഡി അനുകൂല കമന്റുകളും പ്രകടനവും പിആര്‍ ആണെന്നും ഇവർ വിമർശിക്കുന്നു. തെരഞ്ഞെടുപ്പ് വെറും സാങ്കേതികം ആകരുതെന്നും ഘടകകക്ഷി പിന്തുണയും പരിഗണിക്കണം എന്ന വാദവും സതീശൻ പക്ഷം ഉയർത്തുന്നു. സീനിയോറിറ്റി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നിത്തല പക്ഷം.

ഫ്ലക്സ് യുദ്ധം തുടരുന്നു

മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കായി സംസ്ഥാനത്ത് ഫ്ലക്സ് യുദ്ധം തുടരുന്നു. വി ഡി സതീശനായി തലസ്ഥാനത്ത് ഫ്ലക്സ് ഉയർന്നു. നാച്ചുറല്‍ ചോയ്സ് എന്ന് വിശേഷിപ്പിച്ച് ആണ് ഫ്ലെക്സ്. 'പട നയിച്ചവൻ ഭരിക്കട്ടെ' എന്ന വാചകങ്ങളുമായി എറണാകുളം കാഞ്ഞൂർ ജംഗ്ഷനിലും, പഞ്ചായത്ത് ഓഫീസിനു മുൻപിലും വി ഡി സതീഷിനെ അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നു. മലപ്പുറം കോഡൂരിൽ വി ഡി സതീശനായി ഫ്ലെക്സ് ബോർഡ്‌ പ്രത്യക്ഷപ്പെട്ടു. പട നയിച്ചവൻ നാട് നയിക്കട്ടെ എന്നാണ് ബോർഡിലെ വരികള്‍. പിന്നണിയിൽ പ്രവർത്തിച്ചവർ പിന്നിൽ തന്നെ നിക്കട്ടെ എന്നും ബോർഡിൽ പറയുന്നു. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ബോർഡ്‌ സ്ഥാപിച്ചത്. വിഡി സതീശന് പിന്തുണയുമായി കോഴിക്കോട് നഗരത്തിലെ വിവിധ ഇടങ്ങളിൽ ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്. മാവൂർ റോഡ്, നടക്കാവ്, മാനാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഫ്ലക്സ് ഉയര്‍ന്നത്. സതീശനായി തൃശൂർ നഗരത്തിൽ കൂടുതൽ ഫ്ലക്സുകൾ ഉയരുകയാണ്. നടുവിലാലിലാണ് ഫ്ലക്സ് ഉയർന്നത്. പട നയിച്ചവൻ നാട് നയിക്കട്ടെ എന്നാണ് ഫ്ലക്സിലെ വാചകം. അതേസമയം കെസിയുടെ കെപിസിസി ആസ്ഥാനത്തെ ഫ്ലക്സിൽ ഇന്നലെ രാത്രി ആരോ കരിഓയിൽ ഒഴിച്ചു.

ഇന്നും സതീശൻ അനുകൂല പ്രകടനങ്ങൾ

ഇന്നും സതീശൻ അനുകൂല പ്രകടനങ്ങൾ വിവിധ ജില്ലകളിൽ നടക്കും. പ്രകടനങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണവും തങ്ങളുടെ അറിവോടെ അല്ലെന്ന് സതീശൻ വിഭാഗം പറയുന്നു. എന്നാൽ പ്രകടനങ്ങൾ ആസൂത്രിതമെന്ന് കെസി വിഭാഗം വാദിക്കുന്നു. സതീശന്റേത് ഹൈക്കമാൻഡിനെ സമ്മർദ്ദതിലാക്കാനുളള ശ്രമമെന്ന് കെസി വിഭാഗം പറയുന്നു. വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി നെട്ടൂരിൽ ഇന്നലെ വൈകീട്ട് തുടങ്ങിയ പരസ്യ പ്രതിഷേധം, രാത്രിയായതോടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും അരങ്ങേറി. കോഴിക്കോട് കുറ്റ്യാടിയിൽ വി.ഡി സതീശനായി പ്രകടനമുണ്ടായി. പടനയിച്ച പടനായകൻ നാട് നയിക്കട്ടെ എന്ന ഫ്ലക്സുമായാണ് പ്രകടനം. ഇടുക്കിയിലും വി ഡി സതീശനായി പ്രകടനം നടന്നു. തൊടുപുഴയിൽ യൂത്ത് കോൺഗ്രസ്‌ പ്രവത്തകർ പ്രകടനവുമായി നിരത്തിലിറങ്ങി. വി ഡി സതീശനായി കൊല്ലം പൻമനയിൽ രാത്രിയിലും പ്രവർത്തകർ തെരുവിലിറങ്ങി. കായംകുളത്തും പ്രകടനം അരങ്ങേറി. വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അത്തോളിയിലും പ്രകടനം നടന്നു. യുവജന സംഘടന പ്രവർത്തകരാണ് തെരുവിൽ ഇറങ്ങിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയില്‍ നാട്ടുകാർക്ക് കുഴപ്പമില്ല,ജനം ഇതൊക്കെ ആസ്വദിക്കുന്നുണ്ട്, ഇത് ജനാധിപത്യ പ്രക്രിയയുടെ ഭാഗം:കെ മുരളീധരന്‍
സതീശനൊപ്പം 6 പേർ മാത്രം, കെസിയെ പിന്തുണച്ചവരിൽ സണ്ണി ജോസഫും സന്ദീപ് വാര്യരും വരെ; 47 പേരും കെസിക്കൊപ്പമെന്ന് റിപ്പോർട്ട്