'കൊവിഡ് പോസിറ്റീവാകുന്നത് സര്‍ക്കാറിന്‍റെ മായാജാലം'; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

By Web TeamFirst Published Apr 30, 2020, 5:45 PM IST
Highlights

കൊവിഡ് കേസുകള്‍ പോസിറ്റീവ് ആകുന്നത് സര്‍ക്കാരിന്‍റെ മായാജാലവും തട്ടിപ്പും ആണെന്ന് വാട്സ്‍ആപ്പ് പ്രചരണം നടത്തുന്നത് കണ്ണൂരിലെ ചെറുവാഞ്ചേരേയില്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കേസുകള്‍ പോസിറ്റീവ് ആകുന്നത് സര്‍ക്കാരിന്‍റെ മായാജാലവും തട്ടിപ്പും ആണെന്ന് വാട്സ്‍ആപ്പ് പ്രചരണം നടത്തുന്നത് കണ്ണൂരിലെ ചെറുവാഞ്ചേരേയില്‍ കണ്ടെത്തിയിട്ടുണ്ട്. ചെറുവാഞ്ചേരി സ്വദേശിയായ അജ്‍നാസ് ആണ് ഇത് ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

'വാട്സാപ്പ് വഴി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കാസര്‍കോട് പള്ളിക്കര മുഹമ്മദ് കുഞ്ഞി മകന്‍ ഇമാദിനെതിരെ കേസെടുത്തിട്ടുണ്ട്. കൊവിഡ് മുക്തനാണെന്നും തന്നെയും ഒപ്പം ചികിത്സയിലുണ്ടായിരുന്ന 10 പേരെയും വിവരശേഖരണത്തിനായി ഫോണിലൂടെ ബന്ധപ്പെട്ടെന്നും വ്യാജമായി പ്രചരിപ്പിച്ചത് ഇയാളാണ്. രോഗികളുടെ വിവരം ചോര്‍ന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇയാള്‍ പ്രചാരണം നടത്തി. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ ഇമാദ് എന്ന പേരില്‍ ആരും ചികിത്സയിലുണ്ടായിരുന്നില്ല. കാസര്‍കോട്ടെ രോഗികളുടെ രേഖ ചോര്‍ന്നു എന്ന വ്യാജ പ്രചാരണത്തിന് മുന്നില്‍ നിന്നത് ഇമാദാണ്' എന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. മറ്റൊരാള്‍ക്ക് രോഗം ലഭിച്ചത് സമ്പര്‍ക്കം വഴിയാണ്. അതേസമയം 14 പേര്‍ കൂടി കൊവിഡില്‍ നിന്ന് രോഗമുക്തരായി. പാലക്കാട്- 4, കൊല്ലം-3, കണ്ണൂർ -2, കാസർകോട്-2, പത്തനംതിട്ട-1, മലപ്പുറം-1, കോഴിക്കോട്-1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ കണക്കുകള്‍. 

സംസ്ഥാനത്ത് ഇതുവരെ 497 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 111 പേരാണ് ചികിത്സയിലുള്ളത്. 20711 പേർ നിരീക്ഷണത്തിലുണ്ട്. 20285 പേർ വീടുകളിലും 426 പേർ ആശുപത്രിയിലും കഴിയുന്നു. ഇന്ന് 95 പേരെ ആശുപത്രിയിലാക്കി എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

click me!