കേന്ദ്രത്തിൻ്റെ അധികാര പരിധി വ്യക്തമായി അറിയാം, വാസുകിയുടെ നിയമനം പിൻവലിക്കാൻ പറഞ്ഞിട്ടില്ല: ചീഫ് സെക്രട്ടറി

Published : Jul 25, 2024, 06:28 PM ISTUpdated : Jul 25, 2024, 06:32 PM IST
കേന്ദ്രത്തിൻ്റെ അധികാര പരിധി വ്യക്തമായി അറിയാം, വാസുകിയുടെ നിയമനം പിൻവലിക്കാൻ പറഞ്ഞിട്ടില്ല: ചീഫ് സെക്രട്ടറി

Synopsis

ഭരണഘടന ലംഘനം കേരളം നടത്തുന്നുവെന്ന സൂചന നൽകിക്കൊണ്ടാണ് വിദേശകാര്യ വക്താവ് കേന്ദ്ര വിഷയങ്ങളിൽ കൈകടത്തരുത് എന്ന താക്കീത് കേരളത്തിന് നൽകിയത്

തിരുവനന്തപുരം: കെ വാസുകിക്ക് വിദേശസഹകരണത്തിൻറെ ചുമതല നൽകിയതിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി.വേണു. വാസുകിയെ നിയമിച്ചത് തെറ്റാണെന്നോ നിയമന ഉത്തരവ് പിൻവലിക്കാനോ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരിൻ്റെ അധികാര പരിധിയിലുള്ളതും സംയുക്ത പട്ടികയിൽ ഉള്ളതും എന്താണെന്ന് കൃത്യമായ അറിയുന്നവരാണ് കേരളത്തിലെ ഉദ്യോഗസ്ഥർ. ഇക്കാര്യത്തിൽ കേരള സർക്കാരിന് ഔദ്യോഗികമായി കേന്ദ്രസർക്കാർ അറിയിപ്പ് വന്നാലേ  പ്രതികരിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

കെ വാസുകിക്ക് വിദേശസഹകരണത്തിൻറെ ചുമതല കൂടി കേരളം നൽകിയത് നേരത്തെ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. കേരളം വിദേശകാര്യ സെക്രട്ടറിയെ നിയമിച്ചു എന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയത്. എന്നാൽ വിദേശകാര്യ സെക്രട്ടറിയെന്നത് വ്യാജ വാർത്തയാണെന്നായിരുന്നു ചീഫ് സെക്രട്ടറി വി വേണു വിശദീകരിച്ചത്. വിദേശ ഏജൻസികളുമായി ഏകോപനത്തിന് ഇതാദ്യമായല്ല ഉദ്യോഗസ്ഥർക്ക് ചുമതല നൽകുന്നതെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇക്കാര്യത്തിലുള്ള കടുത്ത അതൃപ്തിയാണ് ഇതിനുള്ള മറുപടി തയ്യാറാക്കിയെത്തിയ വിദേശകാര്യ വക്താവ് അറിയിച്ചത്. 

ഭരണഘടന ലംഘനം കേരളം നടത്തുന്നുവെന്ന സൂചന നൽകിക്കൊണ്ടാണ് വിദേശകാര്യ വിഷയങ്ങളിൽ കൈകടത്തരുത് എന്നാണ് താക്കീത്. ഇതാദ്യമായല്ല കേരളത്തിനും കേന്ദ്രത്തിനുമിടയിൽ വിദേശകാര്യ വിഷയങ്ങളിൽ തർക്കം പ്രകടമാകുന്നത്. പ്രളയകാലത്ത് കേരളത്തിന് നേരിട്ട് സഹായം നൽകാൻ ചില ഗൾഫ് രാജ്യങ്ങളും സംഘടനകളും തയ്യാറായപ്പോൾ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. മന്ത്രിമാരുടെ വിദേശ യാത്രകൾക്കുള്ള രാഷ്ട്രീയ അനുമതി നൽകാത്ത സംഭവങ്ങളുമുണ്ടായി. ഇപ്പോൾ ചുമതല കിട്ടിയിരിക്കുന്ന ഉദ്യോഗസ്ഥ നേരിട്ട് വിദേശ ഏജൻസികളുമായി ബന്ധപ്പെട്ടാൽ ശക്തമായ നടപടിയുണ്ടാകുമെന്ന സൂചനയാണ് വിദേശകാര്യ വൃത്തങ്ങൾ നൽകുന്നത്.

PREV
click me!

Recommended Stories

നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; 'സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ'
'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി