'കുഞ്ഞിനെ ദത്ത് നൽകിയത് അനുപമ നേരിട്ട് ഹാജരായി പരാതി നല്‍കാത്തതിനാൽ'; വിചിത്ര വാദവുമായി സിഡബ്ല്യു സി

By Web TeamFirst Published Oct 22, 2021, 7:30 AM IST
Highlights

കുട്ടി ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതിയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കുഞ്ഞിന്‍റെ വിവരങ്ങള്‍ പറഞ്ഞില്ലെന്നും അനുപമയെ കുറ്റപ്പെടുത്തിക്കൊണ്ട് സുനന്ദ വിശദീകരിക്കുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുഞ്ഞിനെ അമ്മയിൽ നിന്നും വേർപെടുത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി. അനുപമ നേരിട്ട് ഹാജരായി പരാതി നല്‍കാതിരുന്നത് കൊണ്ടാണ് കുഞ്ഞിനെ തിരിച്ചു നല്‍കുന്ന കാര്യത്തില്‍ നടപടി എടുക്കാതിരുന്നതെന്നാണ് ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അ‍ഡ്വ. എന്‍ സുനന്ദയുടെ വിചിത്ര വിശദീകരണം. കുട്ടി ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതിയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കുഞ്ഞിന്‍റെ വിവരങ്ങള്‍ പറഞ്ഞില്ലെന്നും അനുപമയെ കുറ്റപ്പെടുത്തിക്കൊണ്ട് സുനന്ദ വിശദീകരിക്കുന്നു. 

''ഏപ്രില്‍ മാസമാണ് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. നേരിട്ട് എത്തി പരാതി നല്‍കാന്‍ അനുപമയോട് ആവശ്യപ്പെട്ടെങ്കിലും അവർ എത്തിയില്ല. എന്നാണ് കുഞ്ഞിനെ കാണാതായതെന്നതടക്കം കുട്ടിയെ മനസിലാകാനുള്ള വിവരങ്ങളൊന്നും പറഞ്ഞില്ലെന്നുമാണ്  അ‍ഡ്വ. എന്‍ സുനന്ദ ആരോപിക്കുന്നത്. അനുപമയുടെ പരാതി പൊലീസിനെ അറിയിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് പറഞ്ഞ സുനന്ദ, അനുപമ കുട്ടിയെ അന്വേഷിച്ച് വന്ന കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിരുന്നുവെന്നും  പറയുന്നു. 

''അനുപമയുടെ കുഞ്ഞിനെ ആഗസ്ത് മാസത്തിലെ ആദ്യ ആഴ്ചയാണ് ദത്ത് കൊടുത്തത്. ദത്ത് നല്‍കുന്നതിന് മുമ്പ് തന്നെ അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ സുനന്ദ  ശിശുക്ഷേമ സമിതി കുട്ടിയെ സ്വീകരിക്കാന്‍ പാടില്ലായിരുന്നു എന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എന്നാൽ കൊവിഡായതിനാല്‍ തന്നോട് ഓഫീസിലേക്ക് വരരുത് എന്ന് പറഞ്ഞെന്നും അതിനാലാണ് നേരിട്ട് എത്താതിരുന്നതെന്നുമാണ് ചെയർപേഴ്സന്റെ ആരോപണത്തോട് അനുപമ പ്രതികരിച്ചത്. കുട്ടിയുടെ എല്ലാ വിവരവും. ഒപ്പം കൈമാറിയ തിയ്യതിയും പറഞ്ഞിരുന്നെന്നും അനുപമ വിശദീകരിച്ചു. 

click me!