Pinarayi : ആർഎസ്എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി; വർഗീയതയിൽ അഭിരമിക്കുന്ന സംഘടനയെന്ന് പിണറായി

By Web TeamFirst Published Dec 5, 2021, 7:34 PM IST
Highlights

മതനിരപേക്ഷത തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപിക്കുന്നത്. വർഗീയതയിൽ അഭിരമിക്കുന്നവരാണ് ആർഎസ്എസുകാർ, സംഘടന വളരാൻ വർഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് അവരെന്നും പിണറായി പറഞ്ഞു. 

ആലപ്പുഴ: ആർഎസ്എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan). ആലപ്പുഴയിൽ പി കൃഷ്ണപിള്ള സ്മാരക പഠന കേന്ദ്രത്തിന്റെ ഉത്ഘാടന ചടങ്ങിലായിരുന്നു വിമർശനം. തലശേരിയിൽ കഴിഞ്ഞ ദിവസം ആർഎസ്എസ് (RSS) ഉയർത്തിയ മുദ്രാവാക്യം അംഗീകരിക്കാൻ കഴിയാത്തത് ആണ്. ഹലാലിന്റെ (Halal) പേരിൽ വിദ്വേഷപ്രചാരണം നടത്തുന്നു. ഇത് തിരിച്ചറിഞ്ഞു നാടിനെ ബോധവൽക്കരിക്കണം എന്നും പിണറായി പറഞ്ഞു. 

മതനിരപേക്ഷത തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപിക്കുന്നത്. വർഗീയതയിൽ അഭിരമിക്കുന്നവരാണ് ആർഎസ്എസുകാർ, സംഘടന വളരാൻ വർഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് അവർ. കേരളത്തിൽ ഇത് നടക്കാത്തത് ഈ നാടിന്റെ പ്രത്യേകത കൊണ്ടാണെന്ന് മുഖ്യമന്ത്രി പറ‌ഞ്ഞു. 

രാജ്യത്ത് ബിജെപിക്ക് വളരാനുള്ള അവസരവാദ നിലപാട് കോൺഗ്രസ് സ്വീകരിച്ചുവെന്നാണ് പിണറായിയുടെ കുറ്റപ്പെടുത്തൽ. തലശേരിയിൽ കഴിഞ്ഞ ദിവസം ആ‍ർഎസ്എസ് ഉയർത്തിയ മുദ്രാവാക്യം അംഗീകരിക്കാൻ കഴിയാത്തതാണെന്ന് മുഖ്യമന്ത്രി ആലപ്പുഴയിൽ പറഞ്ഞു. ക്രിക്കറ്റ് കളിയിൽ പോലും ചിലർ വർഗീയത കാണുകയാണ്. ഇതര ആരാധനാലയങ്ങൾക്ക് എതിരെയാണ് ആർഎസ്എസിന്റെ മുദ്രാവാക്യം വിളി. ആശയ പരമായി കൂടുതൽ ആയുധമാണിയണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.  

സർക്കാരിന് എതിരായി ശത്രുവർഗം ഇറങ്ങുമെന്നും കരുതിയിരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സന്ദീപ് വധം ഒരു മുന്നറിയിപ്പാണെന്നും ആർഎസ്എസ്കാരെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.

ഹലാൽ വിവാദത്തിൽ മുഖ്യമന്ത്രി

ഹലാലിന്റെ പേരിൽ വിദ്വേഷപ്രചാരണം നടത്തുകയാണെന്നും ഇത് തിരിച്ചറിഞ്ഞു നാടിനെ ബോധവൽക്കരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ മുദ്ര ഭക്ഷ്യയോഗ്യം എന്ന് സർട്ടിഫൈ ചെയ്യുന്നതാണ്. ആ ഭക്ഷണ രീതി പണ്ടേ ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പി കൃഷ്ണപിള്ള സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉത്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും. 

click me!