
തിരുവനന്തപുരം: ആദിവാസികൾക്കിടയിലെ മനുഷ്യാവകാശ പ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തു ജയിലിലടച്ച നടപടി ഖേദകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എണ്‍പത്തിമൂന്നുകാരനായ ഫാ. സ്റ്റാൻ സ്വാമി പതിറ്റാണ്ടുകളായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുകയാണ്.
അവശതയനുഭവിക്കുന്ന ആദിവാസികൾക്കു നേരെ ഉണ്ടാകുന്ന ജനാധിപത്യ ധ്വംസനം ചോദ്യം ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുന്ന മനോഭാവം ഇന്ത്യൻ ഭരണഘടനയ്ക്ക് യോജിച്ചതല്ല. ഭൂമിക്കു വേണ്ടിയും വനാവകാശത്തിനു വേണ്ടിയും ആദിവാസികൾ നടത്തുന്ന സമരങ്ങളെ പിന്തുണക്കുകയും അത്തരം പ്രശ്നങ്ങളെക്കുറിച്ചു ആഴത്തിൽ പഠിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിലാണ് ഫാ. സ്റ്റാൻ സ്വാമി അംഗീകാരം നേടിയിട്ടുള്ളത്. ഏവരും ബഹുമാനിക്കുന്ന അത്തരമൊരു വ്യക്തിക്കെതിരായ നീക്കം എതിര്ശബ്ദങ്ങളെ അടിച്ചമർത്താനുള്ളതാണ് എന്ന ആക്ഷേപം ഇതിനകം ഉയർന്നിട്ടുണ്ട്.
മലയാളി കൂടിയായ ഫാ, സ്റ്റാൻ സ്വാമിയുടെ ആരോഗ്യ നിലയിലും ഈ കൊവിഡ് കാലത്ത് അദ്ദേഹത്തിന് നേരിടേണ്ടിവന്ന പ്രയാസങ്ങളിലും മുഖ്യമന്ത്രി ഉത്കണ്ഠ പ്രകടിപ്പിച്ചു. അദ്ദേഹത്തിന് നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങളോട് ഐക്യപ്പെടുന്നു. തെറ്റായ ലക്ഷ്യങ്ങൾക്ക് വേണ്ടി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം ഈ വിഷയത്തിൽ ഉയർന്നിട്ടുണ്ട് എന്നതും ബന്ധപ്പെട്ടവർ ഗൗരവമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam