'രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്', ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രി; ലഹരിക്കെതിരെ കടുപ്പിക്കും

Published : Jun 18, 2025, 06:13 PM ISTUpdated : Jun 18, 2025, 06:52 PM IST
Pinarayi Vijayan

Synopsis

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പരിപാടികൾ നടപ്പിലാക്കും. സ്കൂളുകളിലെ പരാതികൾ പരിശോധിക്കും.

തിരുവനന്തപുരം :  കേരളം ലഹരിക്കെതിരായ പോരാട്ടത്തിലാണെന്നും സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് അഞ്ചാം ഘട്ട ലഹരി വിരുദ്ധ ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്യും. എന്റെ കുടുംബം ലഹരി മുക്ത കുടുംബം ലഹരി വിരുദ്ധ ക്യാമ്പെയിൻ ജനുവരി 30 വരെ നടത്തും. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പരിപാടികൾ നടപ്പിലാക്കും.സ്കൂളുകളിലെ പരാതികൾ പരിശോധിക്കും. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജൂൺ 10 മുതൽ 16 വരെ 730 ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 
 

രാജ്ഭവന്റേത് വെല്ലുവിളി 

സർക്കാർ പരിപാടികൾക്ക് സർക്കാർ അംഗീകരിച്ച പൊതു ബിംബങ്ങൾ മാത്രമേ പാടുള്ളുവെന്ന സർക്കാർ നിലപാടാണ് കൃഷി മന്ത‌്രി ഗവർണറെ അറിയിച്ചത്. വ്യക്തിപരമായി പല താൽപര്യങ്ങളും പലർക്കും ഉണ്ടാകും. പക്ഷേ ഔദ്യോഗിക പരിപാടികളിൽ അത്തരം നടപടികൾ വേണ്ട. ഗവർണർക്കും ഇക്കാര്യം ബോധ്യമായെന്ന് കരുതുന്നു. ഔദ്യോഗിക പരിപാടികളിൽ അത്തരം നടപടികൾ ഇനി ഉണ്ടാകില്ലെന്നാണ് രാജ്ഭവൻ വിശദീകരിച്ചത്.  രാജ്ഭവൻ രാഷ്ട്രീയ പ്രചാരണ വേദിയല്ല. ഭരണഘടനയോടുള്ള വെല്ലുവിളികൾ അംഗീകരിക്കാൻ കഴിയില്ല. ഭാരതാംബയെ അംഗീകരിക്കാൻ പ്രയാസം എന്തെന്ന് ചോദിക്കുന്നവരുണ്ട്. ഭരണഘടനയോടും ദേശീയ പതാകയോടും വരെ അസഹിഷ്ണുതയായിരുന്നു ആർഎസ്എസിന്. ഭാരതാംബയുടെ കയ്യിലെ കൊടി ആർഎസ്എസിന്റേതാണെന്ന് സംശയം ഇല്ല. ആർഎസ്എസ് ചിഹ്നം അവർക്ക് കൊണ്ട് നടക്കാം. അത് മറ്റുള്ളവരും അംഗീകരിക്കണമെന്ന് കരുതുന്നത് ശരിയല്ല.  

ആർഎസ്എസ് പ്രീണനം ഇല്ല

സിപിഎമ്മിന് ഒരു ഘട്ടത്തിലും ആർഎസ്എസ് പ്രീണനം ഇല്ലെന്ന് മുഖ്യമന്ത്രി. ഒരു വർഗ്ഗീയതയേയും സിപിഎം ഒരു ഘട്ടത്തിലും കൂട്ടുപിടിച്ചിട്ടില്ല. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നെന്ന് പറഞ്ഞത് പഴയ കെപിസിസി പ്രസിഡന്റാണ്. വിശ്വസിക്കാവുന്ന മിത്രം എന്ന നിലയില്ലേ അന്ന് കോൺഗ്രസ് സമീപനം എടുത്തത്. ഏതെങ്കിലും വിവാദം ഉണ്ടാക്കി സിപിഎമ്മിനെ കുടുക്കാമെന്ന് കരുതിയാൽ അത് അത്ര പെട്ടെന്ന് വേവില്ല. ആർഎസ്എസുമായി ഒരു തരത്തിലും ബന്ധമില്ല. ആർഎസ്എസ് ആശയങ്ങൾക്കെതിരെ പോരാടുന്നവരാണ് സിപിഎമ്മുകാർ. ആഭ്യന്തര ശത്രുക്കളായി ആർഎസ്എസ് കാണുന്നത് കമ്മ്യൂണിസ്റ്റുകാരെയാണ്. രൂപീകൃതമായ അന്ന് മുതൽ ഇന്നോളം ആർഎസ്എസുമായി ഐക്യപ്പെട്ടിട്ടില്ല. ഇന്നലെയും ഇല്ല ഇന്നും ഇല്ല ഇനി നാളേയും ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.   
 

കപ്പൽ അപകടം

കപ്പലപകടങ്ങളുടെ വിവര ശേഖരണത്തിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെബ് അപ്ലിക്കേഷൻ സജീകരിച്ചിട്ടുണ്ട്. 65 കണ്ടെയ്നർ ഇന്ന് രാവിലെ വരെ തീര പ്രദേശങ്ങളിൽ കണ്ടെത്തി. കപ്പലിൽ ഇപ്പോഴും തീയും പുകയുമുണ്ടെന്നാണ് റിപ്പോർട്ട്. കണ്ടെയിനറുകൾ എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തും കൊല്ലം ആലപ്പുഴ ജില്ലകളിലും വന്ന് അടിയാൻ സാധ്യതയുണ്ട്. കപ്പലിൽ നിന്നു വീണെന്ന് സംശയിക്കുന്ന വസ്തുക്കൾ കടൽ തീരത്ത് കണ്ടാൽ സ്പർശിക്കരുത്. 200 മീറ്റർ അകലത്തിൽ നിൽക്കണം. വിവരം 112 ൽ വിളിച്ച് അറിയിക്കണം.

ഇറാൻ ഇസ്രയേൽ സംഘർഷം

ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കാൻ തയ്യാറാകണം. വിഷയത്തിൽ ഐക്യരാഷ്ട്ര സഭ ഇടപെടണം. ഇസ്രായേലിനെതിരെ പ്രതിഷേധിക്കാൻ ഇന്ത്യ തയ്യാറാകണം. യുദ്ധഭൂമിയിൽ കുടുങ്ങിപോയവരെ തിരിച്ചത്തിക്കാൻ നടപടി വേണം. തിരിച്ച് വരാൻ ആഗ്രഹിക്കുന്ന മലയാളികൾ നോർക്കയിൽ പേര് രജിസ്റ്റർ ചെയ്യണം. 

 

 

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'