മുഖ്യമന്ത്രിക്കെതിരായ വാർത്ത; മാധ്യമ പ്രവർത്തകന് വധഭീഷണി; പിന്നില്‍ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു

Published : Jun 10, 2022, 08:54 PM ISTUpdated : Jun 10, 2022, 11:55 PM IST
മുഖ്യമന്ത്രിക്കെതിരായ വാർത്ത; മാധ്യമ പ്രവർത്തകന് വധഭീഷണി; പിന്നില്‍ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു

Synopsis

കണ്ണൂർ മീഡിയയുടെ ശിവദാസൻ കരിപ്പാലിനാണ് ഭീഷണി സന്ദേശം അയച്ചത്. മുഖ്യമന്ത്രിക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്താൽ ശ്വാസം ബാക്കിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി. ശിവദാസൻ കരിപ്പാലിന്റെ വാട്സാപ്പിലേക്കാണ് നമ്പർ അയച്ചത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള (Pinarayi Vijayan)  പ്രതിഷേധത്തിന്‍റെ വാർത്ത നൽകിയ മാധ്യമ പ്രവർത്തകന് വധഭീഷണി. കണ്ണൂർ മീഡിയയുടെ ശിവദാസൻ കരിപ്പാലിനാണ് ഭീഷണി സന്ദേശം അയച്ചത്.

മുഖ്യമന്ത്രിക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്താൽ ശ്വാസം ബാക്കിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി. ശിവദാസൻ കരിപ്പാലിന്‍റെ വാട്സ്ആപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. മുഖ്യമന്ത്രിയുടെ ചേട്ടന്‍റെ മകന്‍ അഡ്വ. സി സത്യനാണ് ഭീഷണി മുഴക്കിയതെന്ന് ശിവദാസന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. കൊച്ചിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം കളക്ട്രേറ്റിലേക്ക് കോൺഗ്രസ്, ആർവൈഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ആർവൈഎഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.  പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനം ആക്രമിക്കുകയും ചെയ്തു. രണ്ട് പൊലീസുകാർക്കും ഒരു ആർവൈഎഫ് പ്രവർത്തകനും പരിക്കേറ്റു.

കോട്ടയം കളക്ട്രേറ്റിലേക്ക് കോൺഗ്രസ്  നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ പൊലീസിന് നേരെ കല്ലും കുപ്പിയും എറിഞ്ഞു.  പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് തള്ളി അകത്ത് കയറാൻ ശ്രമിച്ച ഒരു പ്രവർത്തകന് പരിക്കേറ്റു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ  പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ പ്രവർത്തകർ കോഴിക്കോട് കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലും സംഘർ‍ഷമുണ്ടായി. ബാരിക്കേടുകൾ തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ്  ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ വയനാട് കോഴിക്കോട് പാത ഉപരോധിച്ചിച്ചെങ്കിലും നേതാക്കളിടപെട്ട് പിന്തിരിപ്പിച്ചു. മുന്നറിയിപ്പില്ലാതെയാണ്  മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പരാതി.

തൃശ്ശൂർ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേട് തള്ളി മാറ്റി. കളക്ട്രേറ്റിന് ഉള്ളിലേക്ക് കടക്കാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചു. റോ‍ഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ജില്ലാ കോണ്‍ഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  ചാലക്കുടി എംപി ബെന്നി ബെഹ്നാൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. 

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. പൊലീസിന് നേരെ ചെരിപ്പേറുണ്ടായി. പതിനൊന്ന് മണിയോടെയാണ് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ കണ്ണൂർ കളക്ടേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ചായി എത്തിയത്. സ്ത്രീകളടക്കം അഞ്ഞൂറോളം പ്രവർത്തകരാണ് മാർച്ചിലുണ്ടായിരുന്നത്. കെപിസിസി നിർവ്വാഹക സമിതി അംഗം എം ലിജു മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചതിന് പിന്നാലെ പ്രവർത്തകർ ബാരിക്കേഡിലേക്ക് കയറി മുദ്രാവാക്യം വിളിച്ചു. പൊലീസ് നിരവധി തവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചിരുന്നു. പ്രവർത്തകർ പൊലീസ് വാഹനത്തിന് മുകളിൽ കയറിയും പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ പലതവണ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. എന്നാൽ പൊലീസ് സംയമനം പാലിച്ചതോടെ വലിയ സംഘർഷ സാധ്യത ഒഴിവായി. 12. 30 ഓടെ പ്രവർത്തകർ കളക്ട്രേറ്റ് പരിസരത്ത് നിന്നും പിരിഞ്ഞുപോയി. 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്