'ബഹിഷ്കരണം തൊഴിലാക്കിയവർ, ഇത് ജനാധിപത്യത്തിന് ചേർന്നതാണോ'; പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി

By Web TeamFirst Published Apr 1, 2023, 8:49 PM IST
Highlights

'സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയുമായിരുന്നു ഉണ്ടായിരുന്നത്. അത് ഈ സർക്കാർ ആവർത്തിക്കാത്തത്തിലാണ് പ്രതിപക്ഷത്തിന് അസ്വസ്ഥത'

കൊച്ചി : സർക്കാരിന്റെ വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്കരിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ നല്ല കാര്യങ്ങൾ നടക്കുന്നത് പ്രതിപക്ഷത്തിന്  അംഗീകരിക്കാനാകുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട എന്റെ കേരളം മെഗാ പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 

പോരായ്മകൾ ഉണ്ടെങ്കിൽ പ്രതിപക്ഷത്തിന് വിമർശിക്കാം. എന്നാൽ അത്തരത്തിലുള്ള വിമർശനമൊന്നും ബഹിഷ്കരിക്കുന്നവർ പറയുന്നില്ല. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയുമായിരുന്നു ഉണ്ടായിരുന്നത്. അത് ഈ സർക്കാർ ആവർത്തിക്കാത്തത്തിലാണ് പ്രതിപക്ഷത്തിന് അസ്വസ്ഥത. വൈക്കം ശതാബ്ദി ആഘോഷവും പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രതിപക്ഷം ബഹിഷ്കരണം തൊഴിലാക്കിയിരിക്കുകയാണ്. എന്തിനെയും അന്ധമായി വിമർശിക്കുന്ന രീതി ജനാധിപത്യത്തിന് ചേർന്നതാണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.18,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് രണ്ടാം പിണറായി സർക്കാർ തുടക്കമിട്ടതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. 

കേന്ദ്രത്തിന്റെ പക്ഷപാത നിലപാടുകളെ വിമർശിച്ച പിണറായി, കേന്ദ്രം സംസ്ഥാനത്തിന് തരേണ്ട പണം വെട്ടിക്കുറയ്ക്കുകയാണെന്നും ജനസംഖ്യാനുപാതികമായി പണം നൽകുന്നില്ലെന്നും കുറ്റപ്പെടുത്തി.  

 

click me!