'അന്വേഷണ ഏജന്‍സികളുടെ ശ്രമം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍', പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത്

By Web TeamFirst Published Dec 17, 2020, 5:13 PM IST
Highlights

അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ്. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍  വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ്. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

കത്തിലെ വിശദാംശങ്ങൾ ഇങ്ങനെ

നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിര്‍ണയിച്ചിട്ടുണ്ട്. എന്താണോ കണ്ടെത്തേണ്ടത്, അതില്‍ നിന്ന് മാറി സര്‍ക്കാരിന്‍റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ല. ആരോപണങ്ങളുടെ സത്യം കണ്ടെത്താനുള്ള എല്ലാ അവകാശവും കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. എന്നാല്‍ അവരുടെ അധികാരത്തിനപ്പുറത്തേക്ക് നീങ്ങുന്നത് അന്വേഷണ ഏജന്‍സികളുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

അന്വേഷണ വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് വല്ലതും കണ്ടെത്താന്‍ കഴിയുമോ എന്ന് നിലയിലുള്ള പരതല്‍ ഏജന്‍സികളുടെ വിശ്വാസ്യത പൂര്‍ണമായി ഇല്ലാതാക്കും. സര്‍ക്കാരിന്‍റെ വികസന പരിപാടികളെ അതു തടസ്സപ്പെടുത്തും. സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ഉദ്യോഗസ്ഥരുടെ മനോവീര്യം അതു നഷ്ടപ്പെടുത്തും. അന്വേഷണ ഏജന്‍സികളുടെ ഈ വഴിവിട്ട പോക്ക് സര്‍ക്കാര്‍ നേരിടുന്ന ഭരണപരമായ ഗൗരവ പ്രശ്നമാണ്. 

തിരുവനന്തപുരം വിമാനത്താവളത്തില്‍ 2020 ജൂണില്‍ സ്വര്‍ണം കള്ളക്കടത്തു പിടിച്ചതുമായി ബന്ധപ്പെട്ട് ജൂലൈ 8ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്ന കാര്യം മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതുകൊണ്ട് കേന്ദ്ര ഏജന്‍സികളുടെ ഫലപ്രദവും ഏകോപിതവുമായ അന്വേഷണം ആവശ്യപ്പെട്ടാണ് കത്തെഴുതിയിരുന്നത്. 

തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ ചില മുന്‍ ജീവനക്കാര്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ 2020 ജൂലൈയിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ വ്യക്തിക്ക് പ്രതികളുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയും പിന്നീട് സസ്പെന്‍റ് ചെയ്യുകയും ചെയ്തു. സ്വര്‍ണം കള്ളക്കടത്തായി അയച്ചതുമുതല്‍ അത് അവസാനം ഉപയോഗിച്ചതുവരെയുള്ള സംഭവങ്ങളിലെ വസ്തുത പുറത്തുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിച്ചത്. കസ്റ്റംസിന് പുറമെ എന്‍.ഐ.എയും അന്വേഷണം ആരംഭിച്ചു. പിന്നീട് ജൂലൈ 13ന് ഇ.ഡി.യും സെപ്തംബര്‍ 24ന് സി.ബി.ഐയും രംഗത്തു വന്നു.

സ്വര്‍ണ്ണക്കടത്തില്‍ എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. എന്നാല്‍ പിന്നീട് വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരന്‍ ചില പ്രതികള്‍ക്ക് കമ്മീഷന്‍ കൊടുത്തുവെന്ന ആരോപണത്തിലേക്ക് ഇ.ഡി അന്വേഷണം വഴിതിരിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇ.ഡി. നടത്തുന്ന അന്വേഷണത്തിലെ പൊരുത്തക്കേടുകളും മുഖ്യമന്ത്രി ശ്രദ്ധയില്‍പെടുത്തി. 

പ്രതികളും സാക്ഷികളും നല്‍കുന്ന മൊഴികള്‍ സൗകര്യപൂര്‍വ്വം തെരഞ്ഞെടുത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു. സമന്‍സ് അയച്ചാല്‍ അതു ബന്ധപ്പെട്ട ആള്‍ക്ക് ലഭിക്കും മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു. ചില അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സര്‍ക്കാരിനെയും സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരെയും അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിതവും നിരന്തരവുമായ പ്രചാരണമാണ് നടക്കുന്നത്. മജിസ്ട്രേറ്റ് മുമ്പാകെ നല്‍കുന്ന രഹസ്യമൊഴികളിലെ ഉള്ളടക്കം ചോര്‍ത്തി നല്‍കുന്നത് ഇതിന് തെളിവാണെന്നും കത്തിൽ വ്യക്തമാക്കുന്നു. 

click me!