
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിത ഫേസ്ബുക്ക് പേജിലെ പോസ്റ്റുുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും കേന്ദ്ര ഐ ടി മന്ത്രാലയത്തിനും കത്ത് നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്തയും നബിദിന ആശംസകളുടെ പോസ്റ്റുും നീക്കം ചെയ്തതിലാണ് കത്ത് നല്‍കിയത്. പോസ്റ്റുകള്‍ പുനസ്ഥാപിക്കണമെന്നും ഉള്ളടക്കം നീക്കം ചെയ്തതിലെ കാരണം വ്യക്തമാക്കണമെന്നുമാണ് മെറ്റയോട് മുഖ്യമന്ത്രി വി ഡി സതീശന്‍റെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം നടപടികള്‍ ഉണ്ടാകാതിരിക്കാൻ ഐ ടി മന്ത്രാലയം ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തതും വിവാദത്തിലായിരുന്നു. മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടാണ് പോസ്റ്റുകൾ മെറ്റ പിൻവലിച്ചതെന്ന നിലയിൽ അന്ന് പലരും വിമർശനം ഉന്നയിച്ചിരുന്നെങ്കിലും പിന്നീട് ഈ വാദം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ആരും ആവശ്യപ്പെട്ടിട്ടല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നും, സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും വ്യക്തമാക്കി അന്ന് മെറ്റ തന്നെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ വിമർശിക്കുന്നതടക്കമുള്ള പോസ്‌റ്റുകൾ സോഷ്യൽമീഡിയിൽ നിന്നും നീക്കം ചെയ്തതിൽ വിശദീകരണം തേടിയ കേരള പൊലീസിനോടാണ് മെറ്റ ഇക്കാര്യം വ്യക്തമാക്കിയത്. മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് സൈബർ ഡിവിഷനെ വിവരം അറിയിച്ചത്. പോസ്‌റ്റുകൾ നീക്കം ചെയ്യാനുള്ള സാഹചര്യമാണ് കേരള പൊലീസ് മെറ്റയോട് ചോദിച്ചത്. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും നീക്കം ചെയ്ത പോസ്‌റ്റുകൾ പുനഃസ്ഥാപിച്ചെന്നും മെറ്റ അറിയിച്ചിരുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരുടെ ചിത്രം ഉപയോഗിച്ചുളള സാമ്പത്തിക തട്ടിപ്പ് തടയാൻ എ ഐ ടൂൾ ഉപയോഗിച്ചതിൽ സംഭവിച്ച പിഴവാണ് പോസ്റ്റുകൾ നീക്കം ചെയ്യാൻ കാരണമായതെന്നും മെറ്റ വ്യക്തമാക്കിയിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലും വീഡിയോയും ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. എ ഐ സോഫ്‌റ്റ് വെയർ അപ്ഗ്രഡേഷൻ്റെ ഭാഗമായുള്ള പിഴവുകളാണ് സംഭവിച്ചതെന്നായിരുന്നു അന്നത്തെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam