നിപ ഭീതിയൊഴിയുന്നു; എല്ലാ രക്തപരിശോധനാ ഫലവും വന്നു; നിരീക്ഷണത്തിലുള്ള ഏഴാമനും നിപ ഇല്ല

By Web TeamFirst Published Jun 7, 2019, 10:31 AM IST
Highlights

ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴാമത്തെ ആളിനും നിപ ഇല്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് വാർത്ത അറിയിച്ചത്. ചികിത്സയിൽ കഴിയുന്ന നിപ ബാധിതനായ യുവാവിന്‍റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു. 

ദില്ലി: കേരളം ആകാംക്ഷയോടെ കാത്തുനിന്ന വാർത്തയെത്തി. പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെ‍ഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴാമത്തെ ആളിനും നിപ ഇല്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് വാർത്ത അറിയിച്ചത്. ചികിത്സയിൽ കഴിയുന്ന നിപ ബാധിതനായ യുവാവിന്‍റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഐസൊലേഷൻ വാർഡിലുണ്ടായിരുന്ന മറ്റ് ആറ് പേർക്കും നിപ വൈറസ് ബാധയില്ലെന്ന് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ വ്യക്തമായിരുന്നു.  

അതേസമയം നിപ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി ഇന്നലെ ബന്ധുക്കളുമായി ഇന്‍റർകോം വഴി സംസാരിച്ചിരുന്നു. ഐസൊലേഷൻ വാ‍ർഡിൽ കഴിയുന്നവർക്ക് നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് ബോധ്യമായ നിലയ്ക്ക് പനി ഭേദപ്പെടുന്ന മുറയ്ക്ക് അവർക്ക് ആശുപത്രി വിടാനാകുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നിപ ബാധിതനായ വിദ്യാർത്ഥിയോടൊപ്പം താമസിച്ചിരുന്ന രണ്ട് സഹപാഠികൾക്കും വിദ്യാർത്ഥിയെ ആദ്യഘട്ടത്തിൽ ചികിത്സിച്ച നഴ്സുമാർക്കും പനിയുണ്ടെന്നറിഞ്ഞപ്പോൾ ഭയന്നുപോയെന്നും തികച്ചും ആശ്വാസകരമായ പരിശോധനാഫലമാണ് ഇപ്പോൾ എത്തിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപ ലക്ഷണങ്ങൾ കാണിച്ചവരിൽ നിന്നും ശേഖരിച്ച എട്ട് രക്തസാമ്പിളുകളായിരുന്നു പരിശോധിച്ചത്. എറണാകുളത്തുനിന്നും ഏഴ് രക്തസാമ്പിളുകളും തൃശ്ശൂരിൽ നിന്ന് ഒന്നുമാണ് പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ പരിശോധനാഫലം മാത്രമാണ് പോസിറ്റീവായി വന്നത്. 

ഇപ്പോൾ യാതൊരു തരത്തിലുള്ള ആശങ്കയ്ക്കും ഇടയില്ലെന്നും എന്നാൽ നിപ വൈറസിന്‍റെ ഇൻക്യുബേഷൻ പീരീഡ് തീരുന്നതുവരെ പ്രതിരോധപ്രവർത്തനങ്ങൾക്കും ജാഗ്രതയ്ക്കും കുറവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. വൈറസ് ശരീരത്തിൽ പ്രവേശിച്ച്, രോഗലക്ഷണങ്ങൾ പ്രകടമാകുന്നതുവരെയുള്ള സമയമാണ് ഇൻക്യുബേഷൻ പീരീഡ്. പനി ലക്ഷണങ്ങളുമായി എത്തുന്നവരുടെയെല്ലാം രക്തസാമ്പിളുകൾ നാഷണൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുന്നുണ്ട്. നിപ ബാധിതനായ യുവാവുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണത്തിൽ തുടരും. 318 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിപ ഭീതി നീക്കാൻ ജൂലൈ പകുതി വരെയെങ്കിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ തുടരുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കെ കെ ശൈലജ ഇന്ന് രണ്ട് മണിക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനനെ കാണും

ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നിപ ബാധ റിപ്പോർട്ട് ചെയ്ത സമയത്തുതന്നെ കേന്ദ്ര ആരോഗ്യമന്ത്രി തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന് കെ കെ ശൈലജ പറഞ്ഞു. കേന്ദ്രമന്ത്രി ദൈനം ദിനം വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിപ പ്രതിരോധത്തിന് കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്ന് കൂടുതൽ സഹായം തേടും. നിപ രോഗത്തെക്കുറിച്ചും വവ്വാലുകളുടെ പ്രജനനകാലത്ത് നിപ പകരാനുള്ള സാധ്യത സംബന്ധിച്ചും വിശദമായ ഗവേഷണം നടത്താനുള്ള സഹായം കേന്ദ്രമന്ത്രിയോട് കൂടിക്കാഴ്ചയിൽ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇത് തികയില്ലെന്നും കൂടുതൽ സഹായം ഡോ.ഹർഷവർദ്ധനനോട് ആവശ്യപ്പെടുമെന്നും മന്ത്രി കെ കെ ശൈലജ പഞ്ഞു. ലെവൽ 3 നിലവാരത്തിലേക്ക് വൈറോളജി ഇൻസ്റ്റ്യൂട്ടിനെ ഉയർത്താനുള്ള സഹായവും ആരോഗ്യമന്ത്രി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെടും. വൈറോളജി ലാബ് രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഒപ്പം കേരളത്തിന്‍റെ ദീർഘകാല ആവശ്യമായ എയിംസിന് വേണ്ടിയും കേന്ദ്ര ആരോഗ്യമന്ത്രിയോട് സംസാരിക്കുമെന്ന് കെ കെ ശൈലജ പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനനെ കാണുന്നതിന് മുമ്പ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയുമായും മന്ത്രി കെ കെ ശൈലജ കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ വനിതാ ശിശുക്ഷേമ പദ്ധതികൾക്കായി കൂടുതൽ സഹായം കേന്ദ്രമന്ത്രിയോട് തേടുമെന്നും അങ്കണവാടികളുടെ നവീകരണത്തിനായി പദ്ധതി ആവശ്യപ്പെടുമെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.

click me!