
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം അടുത്ത 36 മണിക്കൂറിനുള്ളില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഞായറാഴ്ചയോടെ ശക്തി പ്രാപിക്കുമെന്നും ഇത് കേരള കര്‍ണ്ണാടക തീരത്ത് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഈ രണ്ട് ദിവസവും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ജൂൺ 9 ന് ഓറഞ്ച് അലര്‍ട്ടായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആവശ്യപ്പെട്ടു. കടലിലെ ന്യൂനമർദ്ദം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. തെറ്റായ പ്രചരണങ്ങളിൽ നിന്നും ജനങ്ങളിൽ ഭീതി സൃഷ്ടിക്കുവാനുമുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടുള്ളതല്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പ്രചരിപ്പിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam