
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലെ തോല്‍വി അന്വഷിക്കാൻ കേരളാ കോണ്‍ഗ്രസ് എം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഈ മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണം എല്‍ഡിഎഫ് ഘടകക്ഷികളുടെ നിസ്സഹകരണമാണെന്ന് സ്റ്റിയറിംഗ് കമ്മിറ്റി വിലയിരുത്തി. പാലായില്‍ ജോസ് കെ മാണിക്ക് വേണ്ടത്ര പിന്തുണ സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും നേതാക്കള്‍ക്ക് പരാതിയുണ്ട്.
സിപിഎമ്മിന്‍റെ മാതൃകയില്‍ കേരളാ കോണ്‍ഗ്രസിനും തോല്‍വി പഠിക്കാൻ കമ്മീഷൻ വരുന്നു. പാലാ, കടുത്തുരുത്തി, പിറവം, പെരുമ്പാവൂര്‍, ചാലക്കുടി എന്നീ മണ്ഡലങ്ങളിലെ തോല്‍വിയാണ് പാര്‍ട്ടി പരിശോധിക്കുന്നത്.
അന്വേഷണ കമ്മീഷൻ അംഗങ്ങളെ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കും. പിറവത്തും പെരുമ്പാവൂരിലും സിപിഎം കാലുവാരിയെന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പ്രാദേശിക നേതാക്കള്‍ ജോസ് കെ മാണിയെ അറിയിച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുൻപ് നടന്ന പാലാ നഗരസഭയിലെ കൈയ്യാങ്കളി ക്ഷീണമുണ്ടാക്കി. ഘടകക്ഷികളുടെ വിജയത്തിനായി കേരളാ കോണ്‍ഗ്രസ് നന്നായി പ്രവര്‍ത്തിച്ചെങ്കിലും തിരിച്ച് വേണ്ടത്ര സഹകരണം ഉണ്ടായില്ലെന്ന് ജോസ് കെ മാണി പറയുന്നു.
കേരളാ കോണ്‍ഗ്രസ് മത്സരിച്ച മണ്ഡലങ്ങളിലെ തോല്‍വി സിപിഎമ്മും അന്വേഷിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ സമൂല മാറ്റത്തിനാണ് കേരളാ കോണ്‍ഗ്രസ് തുടക്കമിടുന്നത്. പാര്‍ട്ടിയിൽ സെക്രട്ടേറിയറ്റ് എന്ന പുതിയ ഉന്നത സമിതി കൊണ്ട് വരും. പാര്‍ട്ടി അംഗങ്ങളുടെ ലെവി പിരിക്കാൻ രൂപരേഖ തയ്യാറാക്കി. സംഘടനാ തെരഞ്ഞെടുപ്പ് നടത്തും. മൂന്നംഗ അച്ചടക്ക സമിതിയേയും രൂപീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam