കുഞ്ഞ് ഇമ്രാന് ചികിത്സാ സഹായം സർക്കാർ നൽകുമോ? ഹർജി ഇന്ന് ഹൈക്കോടതിയിൽ

By Web TeamFirst Published Jul 7, 2021, 7:53 AM IST
Highlights

സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച ഇമ്രാന് ചികിത്സാ സഹായം തേടി, ക്രൗഡ് ഫണ്ടിംഗ് ഉൾപ്പടെ തുടങ്ങിയിരുന്നു. എന്നാൽ വെന്‍റിലേറ്ററിലുള്ള കുട്ടിക്ക് ഈ മരുന്ന് നൽകാൻ നിലവിൽ കഴിയില്ലെന്ന പ്രശ്നമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 

കൊച്ചി: സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കുട്ടിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുട്ടിയുടെ അച്ഛനും പെരിന്തൽമണ്ണ സ്വദേശിയുമായ ആരിഫ് ആണ് ഹർജി നൽകിയത്. 18 കോടി രൂപ വില വരുന്ന മരുന്നു നല്‍കുകയല്ലാതെ മകന്‍റെ ജീവൻ രക്ഷിക്കാൻ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഹർജിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി കുട്ടിയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാൻ നിര്‍ദേശം നൽകിയിരുന്നു.

അമേരിക്കയില്‍ നിന്ന് എത്തിക്കാനുള്ള മരുന്ന് വെന്‍റിലേറ്ററിൽ കഴിയുന്ന കുട്ടിയ്ക്ക് നല്‍കാനാകുമോ എന്നാണ് അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കേണ്ടത്. മെഡിക്കല്‍ ബോര്‍ഡിലേക്കുള്ള വിദഗ്ദരുടെ പേരുകള്‍ നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. രണ്ടു കുട്ടികൾ ആണ് ഇതേ രോഗവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്‍റിലേറ്ററിലുള്ളത്. പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍ ഇമ്രാന്‍, അഹമ്മദ്  കൊടുവള്ളി കിഴക്കോത്ത് അബൂബക്കറിന്റെ മകള്‍ ഒരു വയസ്സുള്ള ഫാത്തിമ ഹൈസല്‍ എന്നീ കുട്ടികളാണ് ചികിത്സയിൽ ഉള്ളത്.

click me!