
കോട്ടയം: മുന്നണി മാറ്റത്തെ കുറിച്ചുളള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കൊച്ചി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി ജോസ് കെ മാണി. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ജോസും ബിഷപ്പും പറഞ്ഞെങ്കിലും പാര്‍ട്ടിയെടുത്ത രാഷ്ട്രീയ തീരുമാനത്തിന്‍റെ സാഹചര്യം സഭ നേതാക്കളെ അറിയിക്കാനുളള നീക്കത്തിന്‍റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് സൂചന. ഇതിനിടെ യുഡിഎഫ് പ്രവേശനം നഷ്ടപ്പെടുത്തിയത് തിരിച്ചടിയാകുമെന്ന വിമര്‍ശനം മാണി ഗ്രൂപ്പിന്‍റെ കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നു.
ഫോര്‍ട്ട് കൊച്ചിയിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് ബിഷപ്പ് ആന്‍റണി കാട്ടിപ്പറമ്പിലിനെ ജോസ് കെ. മാണി കണ്ടത്. കൂടിക്കാഴ്ച്ച അര മണിക്കൂറിലേറെ നേരെ നീണ്ടുനിന്നു. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമൊന്നുമില്ലെന്നായിരുന്നു ബിഷപ്പും ജോസും മാധ്യമങ്ങളോട് പറഞ്ഞത്.
മാണി ഗ്രൂപ്പിനെ യുഡിഎഫിലെത്തിക്കാനുളള നീക്കങ്ങള്‍ക്ക് ക്രൈസ്തവ സഭകളാണ് മുന്‍കൈയെടുക്കുന്നതെന്ന സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കാരണം ഈ നീക്കം മുന്നോട്ടു കൊണ്ടു പോകാന്‍ ജോസിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യം സഭ നേതാക്കളെ നേരില്‍ക്കണ്ട് അറിയിക്കാനുളള തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ജോസ് കൊച്ചിയിലെത്തിയതെന്നാണ് സൂചന. സിറോ മലബാര്‍ സഭ നേതൃത്വത്തെയും ജോസ് വൈകാതെ കാണും. യുഡിഎഫിലേക്ക് പോകാനുളള അനുകൂല അന്തരീക്ഷം പാര്‍ട്ടി നേതൃത്വം കളഞ്ഞു കുളിച്ചെന്ന വിമര്‍ശനമാണ് മാണി ഗ്രൂപ്പിന്‍റെ കോട്ടയം ജില്ലാ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്. എന്നാല്‍ ഇങ്ങനെയൊരു സംഭവമേ ജില്ലാ നേതൃയോഗത്തില്‍ ഉണ്ടായിട്ടില്ലെന്ന് ജോസ് കെ മാണിയും പാര്‍ട്ടി ജില്ലാ പ്രസിഡന്‍റും വിശദീകരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam