
കോട്ടയം/ തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പങ്കിടുന്നതു സംബന്ധിച്ച് ജോസഫ് ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുന്നു. പ്രസിഡന്‍ര് സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് യുഡിഎഫില്‍ നേരത്തെ ധാരണയുണ്ടെന്നും ഇതിന്‍റെ പേരില്‍ ജോസഫ് വിഭാഗം മുന്നണി വിടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് പറഞ്ഞ പിജെ ജോസഫും മുന്നണി മാറ്റ സാധ്യത തള്ളി.
ജോസഫ് ജോസ് കെ മാണി വിഭാഗങ്ങള്‍ വഴി പിരിഞ്ഞ ശേഷം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി ഇരു വിഭാഗങ്ങളും പങ്കുവെക്കണമെന്ന ധാരണ ജോസ് കെ മാണി വിഭാഗം പാലിക്കാത്തതിന്‍റെ പ്രതിഷേധത്തിലായിരുന്നു ജോസഫ് വിഭാഗം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇടപെടാത്തതിലുള്ള അമര്‍ഷം പിജെ ജോസഫ് നേരത്തെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ജോസഫ് ലേഖനമെഴുതിയതും രാഷ്ട്രീയ കേന്ദ്രങ്ങള്‍ സംശയത്തോടെയാണ് കണ്ടത്. പ്രശ്നം പരിഹരിക്കുമെന്നും ജോസഫ് മുന്നണി വിടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പങ്കിടുന്നതു സംബന്ധിച്ച് ധാരണയുണ്ടെന്ന കോണ്‍ഗ്രസ് നിലപാടിനെ പിജെ ജോസഫ് സ്വാഗതം ചെയ്തു. ഇത് സമയ ബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട ജോസഫ്, മുന്നണി മാറ്റ അഭ്യൂഹവും തള്ളി.
ജില്ലാ പഞ്ചായത്തിന്‍റെ ഭരണം അവസാന ആറ് മാസം പ്രസിഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് നല്‍കാമെന്ന് ധാരണയുണ്ടെന്ന ജോസഫ് വിഭാഗത്തിന്‍റെ വാദം ജോസ് കെ മാണി വിഭാഗം അംഗീകരിക്കുന്നില്ല, അതിനാല്‍ തന്നെ തര്‍ക്ക പരിഹാരത്തിന് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് ഇരു വിഭാഗത്തിനും നിര്‍ണ്ണായകമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam