അധികാരത്ത‍ർക്കം: സമവായ ച‍ർച്ചകൾ എങ്ങുമെത്താതെ കേരള കോൺഗ്രസ്

By Web TeamFirst Published Jun 10, 2019, 6:21 AM IST
Highlights

നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനായി കേരള കോൺഗ്രസ്സിന് സ്പീക്കർ നൽകിയ സമയപരിധി ഇന്നലെ കഴിഞ്ഞു. കൂടുതൽ സമയം വേണമെന്ന പിജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളുടെ ആവശ്യം സ്പീക്കർ അംഗീകരിച്ചേക്കും

തിരുവനന്തപുരം: നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാൻ കൂടുതൽ സമയം വേണമെന്ന പിജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളുടെ ആവശ്യം സ്പീക്കർ അംഗീകരിച്ചേക്കും. തർക്കങ്ങൾക്കിടെ നിയമസഭയിൽ പാർട്ടി ലീഡറുടെ മുൻനിര സീറ്റിൽ പിജെ ജോസഫ് തന്നെ തുടരും. കേരള കോൺഗ്രസ്സിലെ സമവായ ചർച്ചകൾ ഇനി തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും.

നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനായി കേരള കോൺഗ്രസ്സിന് സ്പീക്കർ നൽകിയ സമയപരിധി ഇന്നലെ തീർന്നിരുന്നു. ചെയർമാൻ, നിയമസഭാകക്ഷി നേതാവ് അടക്കമുള്ള സ്ഥാനങ്ങളെ ചൊല്ലിയുള്ള പാർട്ടിയിലെ തർക്കം തുടരുകയാണ്. ജോസഫ് പക്ഷവും ജോസ് കെ മാണി വിഭാഗവും സ്പീക്കറോട് കൂടുതൽ സമയം ചോദിച്ചു. 

15 ദിവസത്തെ സമയം കൂടി വേണമെന്നാണ് ജോസ് കെ മാണി പക്ഷ നേതാവായ പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻറെ ആവശ്യം. സമയപരിധി കൃത്യമായി പറയാതെ സാവകാശമെന്ന ആവശ്യമാണ് പാർലമെൻററി പാർട്ടി സെക്രട്ടറിയും ജോസഫ് പക്ഷ നേതാവുമായ മോൻസ് ജോസഫ് ആവശ്യപ്പെട്ടത്.

നിയമസഭാകക്ഷിനേതാവിനെ തെരഞ്ഞെടുക്കാൻ കൂടുതൽ സമയം നൽകുമെങ്കെലും തീരുമാനം അനന്തമായി നീട്ടിക്കൊണ്ട് പോകാനാകില്ല. മുൻനിര സീറ്റിൽ പിജെ ജോസഫ് ഇരിക്കുന്നതിൽ ജോസ് കെ മാണി പക്ഷം ഇതുവരെ എതിർപ്പ് അറിയിച്ചിട്ടില്ല. 

സീറ്റ് ഒഴിച്ചിടാനാകാത്തതിനാൽ പിജെ തന്നെ മാണിയുടെ സീറ്റിൽ തുടരും. സഭാസമ്മേളനം ചേരുന്നതിനാൽ ഇനി സമവായ നീക്കങ്ങൾ തിരുവനന്തപുരത്തായിരിക്കും. അനൗദ്യോഗികമായി പാർലമെൻററിപാർട്ടി യോഗം വിളിക്കാനാണ് ശ്രമം. പക്ഷെ ചെയർമാൻ സ്ഥാനത്തിൽ ഇരുപക്ഷവും ഇതുവരെ വിട്ടുവീഴ്ചയുടെ സൂചന നൽകുന്നില്ല.

click me!