
പാലക്കാട്: പാലക്കാട്ടെ തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. ഇന്നലെ രാത്രി വൈകിയാണ് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
അപകടത്തിൽ മരിച്ച ആംബുലൻസ് ഡ്രൈവർ നെന്മാറ സ്വദേശി സുധീറിന്‍റെ മൃതദേഹം ഇന്നലെ രാത്രി ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. ശേഷിക്കുന്ന 7 മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും. പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ആംബുലൻസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
നെല്ലിയാമ്പതിയിൽ അപകടത്തിൽപ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അപകടമുണ്ടായത്. നെല്ലിയാമ്പതിയിൽ നിന്നു പാലക്കാട്ടേക്കു വരികയായിരുന്നു, ആംബുലൻസ്. പാലക്കാട് തണ്ണിശ്ശേരിക്ക് അടുത്താണ് അപകടമുണ്ടായത്. സ്ഥിരം അപകടമുണ്ടാകുന്ന മേഖലയല്ല ഇത്.
നെന്മാറ സ്വദേശിയായ ആംബുലൻസ് ഡ്രൈവർ സുധീർ (39), പട്ടാമ്പി സ്വദേശികളായ നാസർ (45), സുബൈർ (39), ഫവാസ് (17), ഷാഫി (13), ഉമർ ഫാറൂഖ് (20), അയിലൂർ സ്വദേശികളായ നിഖിൽ, വൈശാഖ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവർ പാലക്കാട് ജില്ലാ ആശുപത്രിയിലാണ്.
പട്ടാമ്പിയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു അഞ്ച് പട്ടാമ്പി സ്വദേശികൾ. ഇവർക്ക് യാത്രയ്ക്കിടെ ചെറിയ അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവരെ നെന്മാറയിലെ ചെറിയ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് ഇവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇവരെ പാലക്കാട്ടെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. വിവരമറിയിച്ചപ്പോൾ ഇവരെ കാണാൻ പട്ടാമ്പിയിൽ നിന്ന് ബന്ധുക്കളും എത്തി. ഇവരടക്കമുള്ളവരാണ് ആംബുലൻസിൽ കയറിയത്.
സ്കാനിംഗ്, എക്സ്റേ അടക്കമുള്ള തുടർ പരിശോധനകൾക്കായി പാലക്കാട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇവർ. പാലക്കാട്ടെത്തുന്നതിന് മുമ്പ് തണ്ണിശ്ശേരിയിൽ വച്ച് അപകടമുണ്ടായത്. മീൻ കൊണ്ടുപോകുന്ന ലോറിയുമായാണ് ആംബുലൻസ് കൂട്ടിയിടിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam