അയവില്ലാതെ അധികാരത്തർക്കം: കേരള കോൺഗ്രസിലെ ഇരുവിഭാഗവും സ്പീക്കർക്ക് കത്ത് നൽകി

By Web TeamFirst Published Jun 9, 2019, 5:28 PM IST
Highlights

കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ജോസ് കെ മാണി വിഭാഗമാണ് ഇത്തവണ സ്പീക്കർക്ക് ആദ്യം കത്ത് നൽകിയത്

കോട്ടയം: കേരള കോൺഗ്രസ് അധികാരത്തർക്കത്തിൽ നിലപാടിൽ അയവില്ലെന്ന് വ്യക്തമാക്കി സ്പീക്കർക്ക് ഇരുവിഭാഗത്തിന്റെയും കത്ത്. നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം ആവശ്യപ്പെട്ട് റോഷി അഗസ്റ്റിനും മോൻസ് ജോസഫുമാണ് കത്ത് നൽകിയത്. ഇതോടെ നാളെ തുടങ്ങുന്ന സഭാ സമ്മേളനത്തിൽ പി ജെ ജോസഫിന് താത്കാലിക നിയമസഭ കക്ഷി നേതാവായി തുടരാം.

കേരള കോൺഗ്രസ് അധികാരത്തർക്കത്തിൽ ഏറ്റുമുട്ടൽ ഒഴിവാക്കുമ്പോഴും വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയ്യാറാകുന്നില്ല. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ജോസ് കെ മാണി വിഭാഗമാണ് ഇത്തവണ സ്പീക്കർക്ക് ആദ്യം കത്ത് നൽകിയത്. നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ 10 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടാണ് കത്ത്.

കത്ത് കൊടുത്തതിന് പിന്നാലെ പ്രതികരണവുമായി ജോസഫ് വിഭാഗം രംഗത്ത് വന്നു. പാർട്ടി വിപ്പ് കൊടുക്കുന്ന കത്തിന് സാധുതയില്ല. പാർലമെന്‍ററി പാർട്ടി സെക്രട്ടറിയാണ് പാർട്ടി തീരുമാനങ്ങൾ സ്പീക്കറെ അറിയിക്കേണ്ടത്. പാ‍ർട്ടിയിൽ തങ്ങൾക്കാണ് അധികാരം എന്ന് വ്യക്തമാക്കാണ് റോഷി സ്പീക്കർക്ക് കത്ത് നൽകിയതെന്ന വിലയിരുത്തലും ജോസഫ് പക്ഷത്തിനുണ്ട്.

തർക്കങ്ങൾ തുടരുന്നതിനിടയിലും പാ‍ർട്ടിയ്ക്ക് പുറത്തുള്ള മധ്യസ്ഥർ ഇടപെട്ട് സമവായ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ചർച്ചകൾ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ട് പോയാൽ പാർലമെന്‍ററി പാർട്ടി യോഗം അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്ത് ചേർന്നേക്കും.
 

click me!