മുന്നണിക്ക് തലവേദനയായി കേരളാ കോണ്‍ഗ്രസ് തര്‍ക്കം; യു‍ഡിഎഫ് വീണ്ടും ചർച്ചയ്ക്ക്

By Web TeamFirst Published Jun 21, 2020, 8:31 PM IST
Highlights

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വിട്ട് നല്‍കില്ലെന്ന നിലപാടില്‍ ജോസ് പക്ഷം ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് വീണ്ടും ചര്‍ച്ചയ്ക്ക്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വിട്ട് നല്‍കില്ലെന്ന നിലപാടില്‍ ജോസ് പക്ഷം ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് വീണ്ടും ചര്‍ച്ചയ്ക്ക്. ഇരുകൂട്ടരുമായി വെവ്വേറെ ചര്‍ച്ച നടത്തി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വീതംവയ്പ്പിലുള്‍പ്പടെ ധാരണയിലെത്താനാണ് നീക്കം. എന്നാല്‍ ജില്ലാ പഞ്ചായത്തിലെ സ്ഥാനം  രാജിവയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് പിജെ ജോസഫ് തുറന്നടിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുന്നതിന് ജോസ് കെ. മാണി വിഭാഗം മുന്നോട്ടുവച്ച ഉപാധികളെച്ചൊല്ലിയാണ്  തര്‍ക്കം. പഞ്ചായത്ത്-നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോഴേ  ധാരണ വേണമെന്ന ആവശ്യമാണ്  ജോസ് പക്ഷത്തിന്‍റേത്.

എന്നാല്‍ സീറ്റുകള്‍ പങ്കുവെക്കുന്ന ചര്‍ച്ച  പറ്റില്ലെന്ന നിലാപാടിലാണ് ജോസഫ്. കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ ധാരണ ഉണ്ടാക്കിയത്. അതുകൊണ്ടാണ് ഇന്നലെ യുഡിഎഫ് ജോസ് വിഭാഗത്തോട് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ  കേരളാ കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു വിഭാഗം മുന്നണി വിട്ടാല്‍ ക്ഷീണമാകും എന്ന വിലയിരുത്തലിലാണ് യുഡിഎഫ്. സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തായാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി ഒഴിയാമെന്ന് ജോസ് വിഭാഗം യുഡിഎഫിനെ അറിയിച്ചതായാണ് സൂചന. 

ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ട് വന്നാല്‍ ജോസ് പക്ഷത്തെ എല്‍ഡിഎഫ് പിന്തുണച്ചേക്കുമെന്ന സൂചനയുണ്ട്. അതുകൊണ്ട് അവിശ്വാസം തല്‍ക്കാലം വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

click me!